ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തതായി സംസ്ഥാന വനം വകുപ്പ്. ഇതോടെ ചത്ത ചീറ്റകളുടെ എണ്ണം ഒമ്പതായി. 'ഇ...
ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തതായി സംസ്ഥാന വനം വകുപ്പ്. ഇതോടെ ചത്ത ചീറ്റകളുടെ എണ്ണം ഒമ്പതായി.
'ഇന്ന് രാവിലെ, പെണ്‍ ചീറ്റപ്പുലികളില്‍ ധാത്രി എന്ന് പേരിട്ട ചീറ്റയാണ് ചത്തതായി കണ്ടെത്തിയത്. മരണകാരണം വ്യക്തമാകണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം.
കഴുത്തിലെ റേഡിയോ കോളര്‍ കൊണ്ടുള്ള മുറിവില്‍ അണുബാധയേറ്റ് കഴിഞ്ഞ മാസം രണ്ട് ചീറ്റകള്‍ ചത്തിരുന്നു. അതേസമയം, ചീറ്റപ്പുലികളുടെ മരണങ്ങളെല്ലാം സ്വാഭാവിക കാരണങ്ങളാലാണെന്നാണ് പരിസ്ഥിതി മന്ത്രാലയം പറയുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രോജക്ടുകളില്‍ ഒന്നായിരുന്നു ഇന്ത്യയിലേക്ക് ചീറ്റയെ എത്തിക്കുക എന്നത്. ഇതിന്റെ ഭാഗമായി നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമായി കുനോ നാഷണല്‍ പാര്‍ക്കിലേക്ക് രണ്ടു ഘട്ടങ്ങളിലായി 20 ചീറ്റകളെ എത്തിച്ചിരുന്നു. ഇതില്‍ ഒമ്പതാമത്തെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ചീറ്റകള്‍ തുടരെത്തുടരെ ചാകുന്നതില്‍ സുപ്രീം കോടതിയും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
COMMENTS