ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറങ്ങി. ലോക്സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനം പുറത്തിറക...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറങ്ങി. ലോക്സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്.
137 ദിവസങ്ങള്‍ക്കു ശേഷമാണ് എം പി സ്ഥാനം രാഹുല്‍ഗാന്ധി തിരികെ ലഭിക്കുന്നത്. കുറ്റക്കാരനാണെന്ന വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ വന്നതോടെ, രാഹുല്‍ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു.
കോണ്‍ഗ്രസിന്റെ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നതിനാല്‍ രാഹുലിന്റെ ലോക്സഭയിലേക്കുള്ള തിരിച്ചുവരവ് നിര്‍ണായകമാണ്. ഫെബ്രുവരി ഏഴിന് രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് രാഹുല്‍ അവസാനമായി സഭയില്‍ സംസാരിച്ചത്.
സുപ്രീം കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഉത്തരവിന്റെ കോപ്പി ലോക്സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചെങ്കിലും ചട്ടപ്രകാരം ഉത്തരവിന്റെ ആധികാരികതയുള്ള പകര്‍പ്പിനായി കാത്തിരിക്കേണ്ടി വന്നു. വാരാന്ത്യമായതിനാല്‍ രാഹുലിന്റെ എം.പി സ്ഥാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ഔദ്യോഗിക പ്രവര്‍ത്തനങ്ങളൊന്നും നടത്താനാകില്ലെന്ന് ലോക്സഭാ ഉദ്യോഗസ്ഥര്‍ വാദിച്ചിരുന്നു.
അയോഗ്യത റദ്ദാക്കുന്നത് നേരത്തെ തന്നെ വേണമെന്ന് വിധി വന്ന ഉടന്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയെ അംഗമായി തിരിച്ചെടുക്കാന്‍ ലോക്സഭ എത്ര സമയമെടുക്കുമെന്ന് കണ്ടറിയണമെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു. മാത്രമല്ല, മാര്‍ച്ച് 23 ന് സൂറത്ത് കോടതി രാഹുലിനെ കുറ്റക്കാരനെന്ന് വിധിച്ചപ്പോള്‍ അടുത്ത ദിവസം തന്നെ ലോക്സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Rahul Gandhi, Mp, Wayanad
COMMENTS