കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും വവ്വാലുകള്‍ക്കിടയില്‍ നിപ വൈറസ് പടര്‍ന്നിട്ടുള്ളതായി പഠനത...
കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും വവ്വാലുകള്‍ക്കിടയില്‍ നിപ വൈറസ് പടര്‍ന്നിട്ടുള്ളതായി പഠനത്തില്‍ കണ്ടെത്തി.
കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളിലാണ് നിപ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വൈറസ് ഈ പ്രദേശങ്ങളിലെ വവ്വാലുകള്‍ക്കിടയില്‍ പരന്നിരുന്നതിന്റെ തെളിവാണ് ഇത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ പൂണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് സര്‍വേ നടത്തുന്നത്.
തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിപ വൈറല്‍ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായില്ല. മുന്‍പ് കേരളത്തിലെ കോഴിക്കോട് ജില്ലയിലും അസമിലെ ധുബ്രി ജില്ലയിലും പശ്ചിമബംഗാളിലെ മ്യാനഗുരി, കൂച്ച് ബെഹര്‍ എന്നിവിടങ്ങളിലുമായിരുന്നു രാജ്യത്ത് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നത്.
മനുഷ്യരിലേക്ക് വൈറസ് പകരാന്‍ ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഈ സ്ഥലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സര്‍വേയിലൂടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് സാധിക്കും.
Key Words: Nipah Virus, Bat, Spreading
COMMENTS