തിരുവനന്തപുരം: മലയാളത്തിന്റെ വാനമ്പാടിയായ ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. 44 വര്‍ഷത്തിനിടെ ഇരുപത്തയ്യായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ച് സ...
തിരുവനന്തപുരം: മലയാളത്തിന്റെ വാനമ്പാടിയായ ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. 44 വര്‍ഷത്തിനിടെ ഇരുപത്തയ്യായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ച് സംഗീത സപര്യതുടരുകയാണ് കെ.എസ് ചിത്ര.
1979 ല്‍ 'അട്ടഹാസം' എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ അതുല്യ സംഗീതജ്ഞന്‍ എംജി രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്. എംജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ 'ചെല്ലം ചെല്ലം...' പാടി ചിത്ര സംഗീത ലോകത്തേക്ക് കടന്നുവന്നു. എന്നാല്‍ പത്മരാജന്‍ സംവിധാനം നിര്‍വഹിച്ച 'നവംബറിന്റെ നഷ്ടം' എന്ന ചിത്രത്തിനായി പാടിയ ഗാനമാണ് ചിത്രയുടേതായി ആദ്യം പുറത്തിറങ്ങുന്നത്. അങ്ങനെ പത്മരാജന്‍ ചിത്രത്തിലെ എം.ജി. രാധാകൃഷ്ണന്റെ തന്നെ സംഗീതത്തിലുള്ള 'അരികിലോ അകലെയോ...' എന്ന ഗാനത്തിലൂടെ ചിത്ര ചലച്ചിത്ര സംഗീത ലോകത്ത് തന്റെ ഇടം നേടി. പിന്നീട് മലയാള ഗാനരംഗത്തെ, ഇന്ത്യയിലെ തന്നെയും അതുല്യ പ്രതിഭകളില്‍ ഒരാളായി ചിത്ര മാറുന്നതാണ് നാം കണ്ടത്.
ആറ് ദേശീയ പുരസ്‌കാരങ്ങളാണ് ഇതുവരെ ചിത്രയെ തേടിയെത്തിയത്. 'പാടറിയേ പഠിപ്പറിയേ' എന്ന 1986ല്‍ പുറത്തിറങ്ങിയ 'സിന്ധുഭൈരവി' എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് ആദ്യമായി ചിത്ര ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്. 15 കേരള സംസ്ഥാന പുരസ്‌കാരങ്ങളും ഈ സംഗീത യാത്രയ്ക്കിടെ ചിത്രയുടെ ഒപ്പം കൂടി. കൂടാതെ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഒഡിഷ സര്‍ക്കാരുകളുടെയും പുരസ്‌കാരങ്ങള്‍ പലപ്പോഴായി ചിത്രയെ തേടിയെത്തി. 2005ല്‍ പത്മശ്രീ പുരസ്‌കാരവും 2021ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി രാജ്യം മലയാളത്തിന്റെ വാനമ്പാടിയെ ആദരിച്ചു.
Key Words: K.S Chithra, Birthday
COMMENTS