സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിൻറെ യാകെ വേദനയായി മാറിയ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. കീഴ്മാട് പഞ...
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിൻറെ യാകെ വേദനയായി മാറിയ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു.
കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ വൻ ജനക്കൂട്ടമാണ് കേരളത്തിൻറെ ദുഃഖപുത്രിക്ക് യാത്ര അയപ്പ് നൽകുന്നതിനായി എത്തിയത്.
വികാര നിർഭരമായ രംഗങ്ങളാണ് സംസ്കാരം സ്ഥലത്ത് അരങ്ങേറിയത്. സ്ഥലത്ത് എത്തിയ നൂറുകണക്കിന് സ്ത്രീകൾ കുഞ്ഞിൻറെ മൃതദേഹം കണ്ടു വാവിട്ട് നിലവിളിക്കുന്നുണ്ടായിരുന്നു. മൃതദേഹം കണ്ടു ചിലർ തളർന്ന് വീഴുകയും ചെയ്തു.
രാവിലെ 11 മണിയോടെയാണ് മൃതദേഹം സംസ്കരിച്ചത്.
ആലുവയിൽ അഞ്ച് വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊന്നശേഷം ക്രൂരമായി ലൈംഗിക വൈകൃതത്തിന് ഇരയാക്കിയ കേസിലെ പ്രതി അഷ് ഫാഖ് ആലമിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് സംഘം ബീഹാറിലേക്ക് പോകും.
ഇയാൾ കൂടുതൽ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള ആളാണോ എന്ന് മനസ്സിലാക്കുന്നതിന് കൂടിയാണ് കേരള പൊലീസ് ബീഹാറിലേക്ക് പോകുന്നത്.
കേരള പൊലീസ് ഇതിനകം തന്നെ ബീഹാർ പൊലീസുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ ഇപ്പോൾ ആലുവ സബ് ജയിലിൽ അടച്ചിരിക്കുകയാണ്. പ്രതിയെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയെ സമീപിക്കും.
അഷ്ഫാഖ് ആലം ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിൻറെ നിഗമനം. സംഭവവുമായി മറ്റു ചിലർക്ക് ബന്ധമുണ്ടെന്ന് നേരത്തെ സംശയിച്ചിരുന്നുവെങ്കിലും ഇതുവരെ അതിന് തെളിവോ സൂചനയോ കിട്ടിയിട്ടില്ല.
വെള്ളിയാഴ്ച വൈകിട്ടാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് കുട്ടിയെ സമീപത്തെ ഒരു കടയിൽ എത്തിച്ച് ജ്യൂസ് വാങ്ങി കൊടുത്തിരുന്നു. ജ്യൂസ് കടക്കാരനെയും പൊലീസ് സാക്ഷിയാക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനും ആറരയ്ക്കും ഇടയിലാണ് കുട്ടിയെ വകവരുത്തിയതെന്നാണ് നിഗമനം.
ബനിയൻ ഉപയോഗിച്ച് കുഞ്ഞിൻറെ കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. തുടർന്ന് അതിമൃഗീയമായ ലൈംഗിക ആക്രമണം മൃതദേഹത്തിന് നേരെ നടന്നു. കുഞ്ഞിൻറെ രഹസ്യ ഭാഗങ്ങൾക്ക് ഗുരുതരമായി മുറിവേറ്റിരുന്നു. ശരീരമാകെ മാന്തി പൊളിച്ച നിലയിലായിരുന്നു.
മൃതദേഹം ചതുപ്പിൽ പാദവും കൈയുടെ അല്പം ഭാഗങ്ങളും പുറത്ത് കാണുന്ന വിധത്തിൽ ആയിരുന്നു താഴ്ത്തിയിരുന്നത്. താടിയെല്ല് പൊട്ടിയിരുന്നു. ചതുപ്പിൽ കല്ല് ഉപയോഗിച്ച് തല ഇടിച്ചു താഴ്ത്തിയപ്പോഴാണ് താടിയെല്ല് പൊട്ടിയ തെന്നാണ് നിഗമനം.
ഉറുമ്പരിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരം പുറത്ത് കാണാതിരിക്കാൻ ചാക്കുകൊണ്ട് മൂടി അതിനു മുകളിൽ മരച്ചില്ലകളും കല്ലും പിടിച്ചു വച്ചിരുന്നു.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് നടന്നതെന്നും സർക്കാരിൻറെ പിടിപ്പു കേടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും ഗവർണർ ആരിഫ് . മുഹമ്മദ് ഖാൻ പറഞ്ഞു.
സംഭവത്തിൽ പൊലീസിനോട് വിശദീകരണ റിപ്പോർട്ട് തേടുമെന്നും ഗവർണർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത്യന്തം ദുഃഖകരവും ദൗർഭാഗ്യകരവുമായ സംഭവമാണ് നടന്നതെന്നും ഗവർണർ പറഞ്ഞു.
COMMENTS