കോട്ടയം: ഉമ്മന്‍ ചാണ്ടിയില്ലാത്ത ഒരു പ്രഭാതം പുലര്‍ന്നിരിക്കുന്നു. ജനനായകനു കേരളം കണ്ണീരോടെ വിടയേകി. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത, കേരള ച...
കോട്ടയം: ഉമ്മന്‍ ചാണ്ടിയില്ലാത്ത ഒരു പ്രഭാതം പുലര്‍ന്നിരിക്കുന്നു. ജനനായകനു കേരളം കണ്ണീരോടെ വിടയേകി. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത, കേരള ചരിത്രത്തില്‍ ഇടം നേടുന്ന വിടചൊല്ലലും വിലാപയാത്രയും ജനസാഗരത്തെയും സാക്ഷിയാക്കി രാത്രി ഏറെ വൈകിയാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അശ്രുപൂജകളുമായി ജനസാഗരം ഒഴുകിയെത്തിയപ്പോള്‍ പൊതുദര്‍ശനവും സംസ്‌കാരവും മണിക്കൂറുകളോളം വൈകി. വൈകുന്നേരം മൂന്നരയ്ക്കു തുടങ്ങേണ്ടിയിരുന്ന ചടങ്ങുകള്‍ രാത്രി പത്തരയ്ക്കാണ് ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പുതുപ്പള്ളിയിലെ വിലാപയാത്രയില്‍ പങ്കെടുത്തു. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തിലുള്ള സംസ്‌കാര ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വിവിധ ക്രൈസ്തവ സഭാധ്യക്ഷരും 20 ബിഷപ്പുമാരും പങ്കെടുത്തു. സ്വന്തം നാടായ പുതുപ്പള്ളിയിലെ തറവാട് വീട്ടിലും പുതുപ്പള്ളി കവലയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലും വെച്ച ശേഷമാണ് പൊതുദര്‍ശനത്തിന് എത്തിച്ചത്.
ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നും വിലാപ യാത്ര തിരിക്കുമ്പോള്‍ വൈകുന്നേരത്തോടെ തിരുനക്കര മൈതാനിയില്‍ എത്തുമെന്നും ഇന്നലെ ഉച്ചയ്ക്കു ശേഷം സംസ്‌കാരം നടത്തുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ജനത്തിനു നല്‍കിയ സ്‌നേഹമെല്ലാം നൂറിരട്ടിയായി തിരികെ ലഭിക്കുന്ന കാഴ്ചയായിരുന്നു വിലാപയാത്രയിലുടനീളം. അനേകായിരങ്ങള്‍ വഴിയരുകില്‍ കാത്തുനിന്നു. കുട്ടികളും മുതിര്‍ന്നവരും കൈക്കുഞ്ഞുമായി എത്തിയ അമ്മമാരുമൊക്കെ പ്രിയനേതാവിന് വിടപറഞ്ഞുകൊണ്ടേയിരുന്നു.
മണ്ണിലേക്ക് മടങ്ങിയെങ്കിലും ഇന്നിന്റെയും ഇനിയുള്ള എല്ലാ പുലരികളും ജനമനസുകളില്‍ അദ്ദേഹം കരുത്തുറ്റ നേതാവായി ജീവിച്ചുകൊണ്ടേയിരിക്കും.
COMMENTS