മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ അജിത് പവാര്‍ അമ്മാവനും എന്‍സിപി അധ്യക്ഷനുമായ ശരദ് പവാറിനെതിരെ ആഞ്ഞടിച്ചു, മിക്ക എന്‍സിപി എം...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ അജിത് പവാര്‍ അമ്മാവനും എന്‍സിപി അധ്യക്ഷനുമായ ശരദ് പവാറിനെതിരെ ആഞ്ഞടിച്ചു, മിക്ക എന്‍സിപി എംഎല്‍എമാരുടെയും പിന്തുണ തനിക്കുള്ളതിനാല്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും എടുക്കുമെന്നാണ് അജിത് പവാറിന്റെ പ്രഖ്യാപനം. മാത്രമല്ല 'നിങ്ങള്‍ക്ക് ഇപ്പോള്‍ 83 വയസ്സായെന്നും, നിങ്ങള്‍ നിര്‍ത്താന്‍ പോകുന്നുണ്ടോ എന്നും എല്ലാ എംഎല്‍എമാരും എന്റെ കൂടെയാണെന്നുമാണ് ശരദ് പവാറിനോട് അജിത് പറഞ്ഞത്.
ശരദ് പവാര്‍ തന്നെ പല അവസരങ്ങളിലും ബി.ജെ.പിയുമായി കൈകോര്‍ക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നുവെന്നും പിന്നീട് പിന്മാറിയെന്നും അജിത് ചൂണ്ടിക്കാട്ടി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍സിപി, ശിവസേന, ബിജെപി എന്നീ പാര്‍ട്ടികള്‍ 16 സീറ്റുകളില്‍ വീതം മത്സരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. പിന്നീട് ചില നേതാക്കള്‍ക്കെതിരെ ആരോപണമുയര്‍ന്നതോടെ ബിജെപി ഇതില്‍ നിന്ന് പിന്മാറി. നിതിന്‍ ഗഡ്കരിയെപ്പോലുള്ള നേതാക്കള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
2017ലും ബി.ജെ.പിക്കൊപ്പം പോകാനുള്ള ശ്രമമുണ്ടായെങ്കിലും ശിവസേന വിടാന്‍ ബി.ജെ.പി തയ്യാറായില്ല. വര്‍ഗീയ പാര്‍ട്ടിയായതിനാല്‍ ശിവസേനയ്ക്കൊപ്പം പോകില്ലെന്ന് നേതാക്കള്‍ പറഞ്ഞതോടെ സഖ്യം പരാജയപ്പെട്ടു. അതേ സമയം, 2019 ല്‍, ശിവസേനയുമായി കൈകോര്‍ക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. നേരത്തെ, അവര്‍ പറഞ്ഞത് ശിവസേന ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്നാണ്, 2019 ല്‍ എന്താണ് മാറിയത്? അജിത് ചോദിച്ചു.
നിലവില്‍ മഹാരാഷ്ട്രയിലെ എന്‍സിപിയിലുള്ള ഭഹുഭൂരിപക്ഷം എംഎല്‍എമാരും ഉപമുഖ്യമന്ത്രി അജിത്പവാറിനൊപ്പമാണ്. ഇത് തെളിയിക്കുന്നതായിരുന്നു അജിത്പവാര്‍ വിളിച്ച യോഗത്തില്‍ ഇന്ന് 29 എംഎല്‍എമാര്‍ പങ്കെടുത്തത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തത് 13 പേര് മാത്രവും. 11 പേര് ഇരുവരും വിളിച്ച യോഗത്തില്‍ പങ്കെടുത്തുമില്ല. എന്‍സിപി ക്ക് 53 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. അയോഗ്യരാക്കാതിരിക്കാന്‍ അജിത് പവാര്‍ പക്ഷത്തിന് 36 പേരുടെ പിന്തുണ വേണം.
കഴിഞ്ഞയാഴ്ച അജിത് പവാര്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ച് മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാരില്‍ ചേര്‍ന്നതോടെയാണ് ഭിന്നത പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ അദ്ദേഹം ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസുമായി ഉപമുഖ്യമന്ത്രി സ്ഥാനം പങ്കിടുകയാണ്.
Key Words: Ajith pawar, Maharashtra, Ncp
COMMENTS