Following Kerala and others, Tamil Nadu revoked the permission given to the Central Bureau of Investigation (CBI) to investigate cases directly
ദീപക് നമ്പ്യാര്‍
ചെന്നൈ : കേരളത്തെയും മറ്റും പിന്തുടര്ന്ന് കേസുകള്‍ നേരിട്ട് അന്വേഷിക്കാന്‍ സെന്‍ട്രല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷ (സി ബി ഐ) ന് നല്‍കിയിരുന്ന അനുമതി തമിഴ് നാട് റദ്ദാക്കി.
ഇതോടെ, സംസ്ഥാനത്തിന്റെ അനുമതി തേടാതെ സി ബി ഐക്ക് ഇനി ഒരു കേസും ഇവിടെ അന്വേഷിക്കാനാവില്ല. ഇതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ദേശീയ അന്വേഷണ ഏജന്‍സിക്കും അന്വേഷണം നടത്തുന്നതിന് സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ല.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സംസ്ഥാന മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ഡിഎംകെ സര്‍ക്കാരിന്റെ നീക്കം.
വൈദ്യുതി മന്ത്രിയുടെ വീട്ടിലും ഓഫീസിലും പരിശോധന നടത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ സര്‍ക്കാര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥരുമായി സംസ്ഥാന പൊലീസ് ഇടയുകയും ചെയ്തിരുന്നു.
കേരളത്തെ കൂടാതെ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മേഘാലയ, മിസോറം, പഞ്ചാബ്, രാജസ്ഥാന്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് സി ബി ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയത്. ഇതോടെയാണ് മുന്‍പില്ലാത്ത വിധം ഇ ഡിയെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കി തുടങ്ങിയതും.
കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരായ മുന്‍കരുതല്‍ എന്നാണ് ഈ നീക്കത്തെ കേരളവും മറ്റും പറയുന്നത്.
സി.ബി.ഐയെ ഇതിനു മുന്‍പ് നേരിട്ട് അന്വേഷണത്തിന് ഇറങ്ങുന്നതില്‍ നിന്നു വിലക്കിയത് പഞ്ചാബാണ്. 2020 നവംബറില്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ സിബിഐക്ക് നല്കിയ പൊതുസമ്മതം പിന്‍വലിച്ചിരുന്നു. കോണ്‍ഗ്രസ് ഭരണസഖ്യത്തിന്റെ ഭാഗമായ ഝാര്‍ഖണ്ഡിന്റെ സമാനമായ നീക്കത്തിന്റെ ചുവടുപിടിച്ചായിരുന്നു ആ നടപടി.
'ഫെഡറലിസത്തിനെതിരായ ആക്രമണം' എന്നാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഇ ഡിയുടെ അന്വേഷണത്തെക്കുറിച്ചു പറഞ്ഞത്.
Summary: Following Kerala and others, Tamil Nadu revoked the permission given to the Central Bureau of Investigation (CBI) to investigate cases directly. Kerala and others call the move a precaution against misuse of central agencies.
COMMENTS