ലണ്ടന്‍ : ട്വന്റി 20 യുടെ ലാഘവത്തില്‍ ടെസ്റ്റ് കളിക്കാനെത്തിയ രോഹിത് ശര്‍മയേയും കൂട്ടരെയും മാനം കെടുത്തി ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍...
ലണ്ടന്‍ : ട്വന്റി 20 യുടെ ലാഘവത്തില്‍ ടെസ്റ്റ് കളിക്കാനെത്തിയ രോഹിത് ശര്‍മയേയും കൂട്ടരെയും മാനം കെടുത്തി ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി. 209 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ ജയം.
തുടര്‍ച്ചയായ രണ്ടാം സീസണിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കിതച്ചു വീഴുകയായിരുന്നു. കഴിഞ്ഞ ചാമ്പ്്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ഈ ജയത്തോടെ, എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ മാറി.
രണ്ടാം ഇന്നിംഗ്‌സില്‍ 444 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 234 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
വിരാട് കോലി (49), അജിന്‍ക്യ രഹാനെ (46), രോഹിത് ശര്‍മ (43) എന്നിവരാണ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്‌സില്‍ അല്പമെങ്കിലും പിടിച്ചു നിന്നത്. നതാന്‍ ലിയോണ്‍ ഓസ്‌ട്രേലിയക്കായി നാല് വിക്കറ്റ് വീഴ്ത്തി.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയുടെ ശേഷിച്ച വിക്കറ്റുകളെല്ലാം നിലം പൊത്തിയത് 70 റണ്‍സിലായിരുന്നു.
അഞ്ചാം ദിനം തുടങ്ങിയ ഉടന്‍ തന്നെ കോലിയെയും ജഡേജയും (0) ഒരു ഓവറില്‍ പവലിയനിലെത്തിച്ച സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.
സ്റ്റീവ് സ്മിത്ത് സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ കോലിയെ മടക്കി അയച്ചു. ജഡേജയെ അലക്‌സ് കാരിയാണ് പിടികൂടിയത്.
രഹാനെയെ അലക്‌സ് കാരിയുടെ കൈകളില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എത്തിക്കുകയായിരുന്നു. ശാര്‍ദുല്‍ താക്കൂറിനെ (0) നതാന്‍ ലിയോണ്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കാരിയുടെ കൈകളില്‍ ഉമേഷ് യാദവിന്റെ (1) കളി അവസാനിച്ചു.
23 റണ്‍സ് നേടിയ ശ്രീകര്‍ ഭരത് കൂടി വീണതോടെ ഇന്ത്യയുടെ പ്രതീക്ഷയെല്ലാം അസ്തമിച്ചു.
മുഹമ്മദ് സിറാജിനെ (1) കമിന്‍സിന്റെ കൈകളിലെത്തിച്ചുകൊണ്ട് ലിയോണ്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിനു തിരശ്ശീല വീഴ്ത്തി. മുഹമ്മദ് ഷമി (13) പുറത്താകാതെ നിന്നു.
ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടി രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 66 റണ്‍സെടുത്തു പുറത്താകാതെ നിന്ന അലക്സ് കാരിയായിരുന്നു ടോപ് സ്‌കോറര്‍.
ഒന്നാം ഇന്നിങ്സില്‍ 469ന് ഓസ്ട്രേലിയ പുറത്തായപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 296 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ട്രാവിസ് ഹെഡാണ് മാന്‍ ഒഫ് ദി മാച്ച്.
Summary: Australia won the World Test Championship title by humiliating Rohit Sharma and his team who came to play Tests in the lightness of Twenty20. Australia won by 209 runs. Man of the match is Travis Head.
COMMENTS