With the Karnataka assembly election picture emerging, everyone is looking for an answer to the question of who will be the next Chief Minister
അഭിനന്ദ്
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിത്രം തെളിഞ്ഞതോടെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എല്ലാവരും തിരയുന്നത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാറുമാണ് മുഖ്യമന്ത്രിക്കസേരയിലേക്കു മത്സര രംഗത്തുള്ളത്. ചുരുക്കം ചിലര്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും പറയുന്നുണ്ടെങ്കിലും അദ്ദോഹം മുഖ്യമന്ത്രിയാകാനുള്ള സാദ്ധ്യത വിരളമാണ്.
എല്ലാ കണ്ണുകളും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയിലും രാഹുല്‍ ഗാന്ധിയിലുമാണ്. കോണ്‍ഗ്രസ് ലീഡ് 130 കടന്നതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരാജയം സമ്മതിച്ചതോടെയാണ് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ചര്‍ച്ചകള്‍ സജീവമായത്.
സിദ്ധരാമയ്യ 2013 മുതല്‍ 2018 വരെ അഞ്ച് വര്‍ഷം കര്‍ണാടക മുഖ്യമന്ത്രിയായിയിരുന്നു. അദ്ദേഹത്തിന്റെ ഭരണ പരാജയമായിരുന്നു ബിജെപിക്കു ഭരണ കിട്ടാന്‍ സഹായകമായതും. പക്ഷേ, പാര്‍ട്ടിയിലും പുറത്തും സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവര്‍ ഏറെയാണ്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എതിര്‍ക്കാനുള്ള കരുത്ത് സിദ്ധരാമയ്യയ്ക്കാണെന്ന് അദ്ദേഹത്തിന്റെ അനുകൂലികള്‍ വാദിക്കുന്നു. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്നും സിദ്ധരാമയ്യ പറയുന്നു.
സിദ്ധരാമയ്യയുടെ സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍, അദ്ദേഹത്തിന്റെ തെറ്റായ നടപടികളും ചര്‍ച്ചയാവുന്നുണ്ട്. ലിംഗായത്ത്, വൊക്കലിഗ തുടങ്ങിയ സമുദായങ്ങളെ അദ്ദേഹം ശത്രുതയിലാക്കിയിരുന്നു. തന്റെ കുറുബ സമുദായത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ആനുപാതികമല്ലാത്ത പ്രാധാന്യം നല്‍കിയതും അദ്ദേഹത്തിനെതിരായ ആക്ഷേപമാണ്. ടിപ്പു സുല്‍ത്താനെ പുകഴ്ത്തിയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു.
സിദ്ധരാമയ്യയ്ക്ക് ആദ്യത്തെ രണ്ടര വര്‍ഷവും തുടര്‍ന്നുള്ള രണ്ടര വര്‍ഷം ശിവകുമാറിനും മുഖ്യമന്ത്രിക്കസേര നല്കിക്കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പാണ് രാഹുല്‍ ഗാന്ധിയുടെ മനസ്സിലുള്ളതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നു ലഭിക്കുന്ന സൂചന.
സി ബി ഐ, ഇ ഡി, ഐ ടി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ കുറേ കാലമായി ശിവകുമാറിനെ വേട്ടയാടുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി 104 ദിവസം ജയിലില്‍ അടയ്ക്കപ്പെട്ട അദ്ദേഹം ഇപ്പോള്‍ ജാമ്യത്തിലാണ്. മുഖ്യമന്ത്രിയാക്കിയാല്‍ ബിജെപി കേന്ദ്ര നേതൃത്വം ശിവകുമാറിനെതിരേയുള്ള കേസുകളുടെ വേഗം കൂട്ടുമെന്നതാണ് മുഖ്യമന്ത്രിക്കസേരയിലേക്കുള്ള ഏറ്റവും വലിയ വെല്ലുവിളി.
കോണ്‍ഗ്രസ് ഇന്ന് വൈകുന്നേരം നിയമസഭാ കക്ഷി യോഗം വിളിക്കുന്നുണ്ട്. എല്ലാ എംഎല്‍എമാരോടും ബംഗളൂരുവിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫലപ്രഖ്യാപനത്തിന് മുമ്പുതന്നെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സിദ്ധരാമയ്യ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തിന്റെ മകന്‍ പരോക്ഷമായി പറഞ്ഞിരുന്നു. ഇതിനെതിരേ ഡികെ ശിവകുമാര്‍ ശക്തമായി പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു.
2018ലെ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി 104 സീറ്റും കോണ്‍ഗ്രസിന് 80 സീറ്റും ജെഡിഎസ് 37 സീറ്റും നേടിയിരുന്നു. ബിജെപിയുടെ ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ഭൂരിപക്ഷം തെളിയിക്കുന്നതിന് മുമ്പ് രാജിവച്ചു. തുടര്‍ന്ന് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. സഖ്യ സര്‍ക്കാര്‍ 14 മാസം നീണ്ടുനിന്നു, 16 എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറി, സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപി വീണ്ടും അധികാരത്തില്‍ വന്നു. ഇക്കുറി വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും ബി ജെ പി പണക്കൊഴുപ്പു കൊണ്ട് തങ്ങളുടെ എം എല്‍ എ മാരെ റാഞ്ചിക്കൊണ്ടു പോകുമോ എന്ന ഭയം ഇപ്പോഴും കോണ്‍ഗ്രസിനുണ്ട്.
SUMMARY: With the Karnataka assembly election picture emerging, everyone is looking for an answer to the question of who will be the next Chief Minister. Former chief minister Siddaramaiah and party state president DK Shivakumar are contesting for the chief ministerial seat. Few are mentioning the name of party national president Mallikarjun Kharge, but the chances of him becoming the Chief Minister are slim.
COMMENTS