അഭിനന്ദ് ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റിലായതോടെ, അദ്ദേഹത്തിന്റെ അനുയായികള്‍ രാജ്യമമെമ്പാടും അക്രമം അഴിച്ചുവിട്ടു. ...
അഭിനന്ദ്
ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റിലായതോടെ, അദ്ദേഹത്തിന്റെ അനുയായികള്‍ രാജ്യമമെമ്പാടും അക്രമം അഴിച്ചുവിട്ടു. കലാപസമാനമായ സ്ഥിതിയാണ് രാജ്യമെങ്ങും.
ഇമ്രാന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തും ലാഹോറിലെ സൈനിക കമാന്‍ഡര്‍മാരുടെ വസതി വളപ്പിലും ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു.
പെഷവാറില്‍ റേഡിയോ പാകിസ്ഥാന്‍ കെട്ടിടത്തിനു തീയിട്ടു. ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനായി ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് 70 കാരനായ ഇമ്രാനെ നാടകീയമായി അറസ്റ്റുചെയ്തത്.
ഇമ്രാന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) അനുയായികള്‍ തെരുവിലിറങ്ങുകയായിരുന്നു.
ഇസ്ലാമാബാദിലും മറ്റും സമ്മേളനങ്ങള്‍ നിരോധിച്ചുകൊണ്ട് നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചു. സെക്ഷന്‍ 144 നിലവിലുണ്ടെന്നും ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നും ഇസ്ലാമാബാദ് പോലീസ് അറിയിച്ചുവെങ്കിലും പ്രതിഷേധക്കാര്‍ വകവയ്ക്കുന്നില്ല.
ഇസ്ലാമാബാദിന് പുറമെ റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി, ഗുജ്റന്‍വാല, ഫൈസലാബാദ്, മുള്‍ട്ടാന്‍, പെഷാവര്‍, മര്‍ദാന്‍ എന്നിവിടങ്ങളിലും പ്രതിഷേധം കൈവിട്ട നിലയിലാണെന്ന് പാകിസ്ഥാനിലെ പ്രധാന മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
റാവല്‍പിണ്ടിയില്‍ ഇമ്രാന്‍ ഖാന്റെ അനുയായികള്‍ സൈനിക ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റ് തകര്‍ക്കുകയും സേനയ്‌ക്കെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സൈന്യം സംയമനം പാലിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ലാഹോര്‍ കന്റോണ്‍മെന്റ് ഏരിയയില്‍ പ്രകടനത്തിനിടെ, കോര്‍ കമാന്‍ഡറുടെ വസതിയിലേക്ക് അക്രമാസക്തമായ ജനക്കൂട്ടം പപ്രവര്‍ത്തകര്‍ ഇരച്ചുകയറുകയും ഗേറ്റും ജനല്‍ ചില്ലുകളും തകര്‍ക്കുകയും ചെയ്തു. ഇവിടെയും
പ്രകോപിതരായ പ്രതിഷേധക്കാരെ തടയാന്‍ സൈന്യം ശ്രമിച്ചില്ല. കറാച്ചിയിലും റാവല്‍പിണ്ടിയിലും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അവര്‍ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. എറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പിടിഐ തങ്ങളുടെ അനുയായികളോട് പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ടു. 'ഇപ്പോള്‍ അല്ലെങ്കില്‍ ഒരിക്കലും അവസരമല്ല' എന്നാണ് പിടിഐ ട്വീറ്റ് ചെയ്തത്.
'അടുത്ത 48 മണിക്കൂറില്‍ ഈ രാജ്യത്ത് എന്തൊക്കെ നടക്കുമെന്നു പ്രവചിക്കാന്‍ പ്രയാസമാണ് എന്നാണ് തബദ്ലാബിലെ റീജിയണല്‍, ഗ്ലോബല്‍ കണക്റ്റിവിറ്റി സെന്റര്‍ ഡയറക്ടറും രാഷ്ട്രീയ നിരീക്ഷകനുമായ സീഷന്‍ സലാഹുദ്ദീന്‍ പറഞ്ഞത്.
പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ ഇമ്രാന്‍ ഖാന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതായി സൈന്യം ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. വസീറാബാദില്‍ തനിക്കെതിരെ നടന്ന വധശ്രമത്തില്‍ ഐഎസ്ഐ ഉന്നത ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ഫൈസല്‍ നസീറിന് പങ്കുണ്ടെന്ന് ഖാന്‍ ആരോപിച്ചിരുന്നു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ഷാദ് ഷെരീഫിന്റെ കൊലപാതകത്തില്‍ മേജര്‍ നസീറിന് പങ്കുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ നിന്ന് പുറത്തായതിനു പിന്നാലെ ഖാനെതിരേ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Summary: With the arrest of former Prime Minister Imran Khan, his followers unleashed violence across the country. The whole country is in a riot-like situation. In protest against Imran's arrest, his followers stormed the military headquarters in Rawalpindi and the military commanders' residential compound in Lahore and unleashed violence.
COMMENTS