Chief Minister N Biren Singh said that the police commandos killed 40 terrorists in Manipur where communal riots were raging
അഭിനന്ദ്
ന്യൂഡല്‍ഹി: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ പൊലീസ് കമാന്‍ഡോകള്‍ 40 ഭീകരരെ വധിച്ചതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. എട്ടു മണിക്കൂറിലേറെയായി പൊലീസ് അക്രമികളെ നേരിടുകയാണെന്ന് ബിരേന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ഭീകരര്‍ എം-16, എകെ-47 തോക്കുകളും സ്നൈപ്പര്‍ തോക്കുകളും ജനങ്ങള്‍ക്കു നേരെ ഉപയോഗിക്കുന്നു. പല ഗ്രാമങ്ങളിലും അവര്‍ വീടുകള്‍ കത്തിച്ചു. സൈന്യത്തിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും സഹായത്തോടെ ശക്തമായ നടപടി ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
''ഭീകരര്‍ നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു,'' മണിപ്പൂരിനെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന സായുധ ഭീകരരും കേന്ദ്ര, സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സിംഗ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ഇംഫാല്‍ താഴ്വരയിലും പരിസരത്തുമുള്ള സെക്മായി, സുഗ്നു, കുംബി, ഫയെങ്, സെറോ എന്നീ പ്രദേശങ്ങളില്‍ വിമതര്‍ ഒരേസമയം ആക്രമണം നടത്തി.
കൂടുതല്‍ പ്രദേശങ്ങളില്‍ വെടിവയ്പ്പ് നടക്കുന്നതായും മൃതദേഹങ്ങള്‍ തെരുവില്‍ കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സെക്മായിലെ വെടിവയ്പ്പ് അവസാനിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. ശാന്തിയും സമാധാനവും നിലനിര്‍ത്താനും സാധാരണ നില കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കാനും അദ്ദേഹം മെയ്റ്റി, കുക്കി വിഭാഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മണിപ്പൂരില്‍ എത്തിയിട്ടുണ്ട്.
വെടിയേറ്റ നിരവധി പേരെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് തലസ്ഥാനമായ ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ (റിംസ്) ഡോക്ടര്‍മാര്‍ ഫോണില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ബിഷെന്‍പൂരിലെ ചന്ദോന്‍പോക്പിയില്‍ ഒന്നിലധികം വെടിയുണ്ടകളേറ്റ് കര്‍ഷകനായ ഖുമാന്തെം കെന്നഡി (27) കൊല്ലപ്പെട്ടു. ഇയാളുടെ മൃതദേഹം റിംസിലേക്ക് മാറ്റി. കെന്നഡിക്ക് ഭാര്യയും കൈക്കുഞ്ഞുമുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇംഫാല്‍ താഴ്വരയുടെ പ്രാന്തപ്രദേശത്ത് സിവിലിയന്മാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ വ്യക്തമായി ആസൂത്രണം ചെയ്തതായി മനസ്സിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെയ്തൈ വിഭാഗക്കാരെ പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കു പിന്നാലെയാണ് ഈ മാസം മൂന്നിന് മണിപ്പൂരില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. വംശീയ അക്രമത്തില്‍ ഇതുവരെ 70-ലധികം പേര്‍ കൊല്ലപ്പെട്ടു.
സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരില്‍ 25 ദിവസത്തിലേറെയായി ഇന്റര്‍നെറ്റ് ലഭ്യമല്ല.
Summary: Chief Minister N Biren Singh said that the police commandos killed 40 terrorists in Manipur where communal riots were raging. Biren Singh told the media that the police have been fighting the assailants for more than eight hours.
COMMENTS