Following the defending champions Gujarat Titans, Chennai Super Kings and Lucknow Super Giants, Mumbai Indians also reached the playoffs of IPL
ബംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫ് ചിത്രമായി. ഇന്നു നടന്ന മത്സരങ്ങളിലൂടെയാണ് ചിത്രം വ്യക്തമായത്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ത്തതോടെയാണ് ആരൊക്കെ അന്തിമ ഘട്ടത്തിലെത്തുമെന്നു വ്യക്തമായത്.
നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്കു പിന്നാലെ മുംബയ് ഇന്ത്യന്‍സും പ്ലേ ഓഫിലെത്തി.
അവസാന ലീഗ് മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ആറ് വിക്കറ്റിനു തോറ്റതോടെ വിരാട് കോലിയുടെ സെഞ്ചുറിയും വിഫലമായി, ആര്‍ സി ബിക്കു പുറത്തേയ്ക്കുള്ള വഴി തുറക്കപ്പെടുകയും ചെയ്തു.
ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ത്തടിച്ചു വിരാട് കോലി വിജയ വഴിയിലേക്കു ടീമിനെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ശുഭ്മാന്‍ ഗില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ആര്‍ സി ബിയുടെ പ്രതീക്ഷകള്‍ തകരുകയായിരുന്നു.
ആര്‍ സി ബി ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ടൈറ്റന്‍സ് മറികടന്നു.
ഗില്‍ 52 പന്തില്‍ 104* നേടി. ഗില്ലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വിരാട് കോലിയും മൂന്നക്കം കണ്ടത്. ഏഴാം സെഞ്ചുറിയോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശതകങ്ങള്‍ നേടുന്ന താരമെന്ന പദവിയും കോലിക്കു സ്വന്തമായി.
മറ്റു കളികളുടെ ഫലം നോക്കി കാത്തിരുന്ന രാജസ്ഥാന്‍ റോയല്‍സും പ്‌ളേ ഓഫിലെത്താതെ പുറത്തായിരുന്നു.
COMMENTS