Doctors complaint against Kongad MLA
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരും എം.എല്‍.എയും തമ്മില്‍ തര്‍ക്കം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. എം.എല്‍.എ ഡോക്ടര്‍മാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതായി ഡോക്ടര്‍മാര്‍ ആരോപിച്ചു. സി.പി.എം നേതാവും കോങ്ങാട് എം.എല്‍.എയുമായ കെ.ശാന്തകുമാരിയും ഡോക്ടര്‍മാരും തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായത്.
നിങ്ങളുടെ ഒക്കെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്നുള്ള എം.എല്‍.എ സംസാരമാണ് ഡോക്ടര്‍മാരില്‍ പ്രകോപനമുണ്ടാക്കിയത്. കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ ദാരുണമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലില്‍ നിന്നും വിട്ടുമാറുന്നതിനു മുന്‍പുള്ള രാഷ്ട്രീയനേതാവിന്റെ പെരുമാറ്റം ഡോക്ടര്‍മാരില്‍ പ്രകോപനമുണ്ടാക്കുകയായിരുന്നു.
കാഷ്വാലിറ്റിയില്‍ തിരക്കുണ്ടായിരുന്ന സമയത്ത് പനി ബാധിച്ച ഭര്‍ത്താവിനെ ചികിത്സിക്കാനെത്തിയതാണ് എം.എല്‍.എ. നല്ല തിരക്കുണ്ടായിട്ടും ഒരു ലേഡി ഡോക്ടറെത്തി രോഗിയെ തൊട്ടുനോക്കി നല്ല ചൂടുണ്ടെന്നും ഇന്‍ജക്ഷന്‍ എടുക്കണമെന്നും പറയുകയും മരുന്നു കുറിക്കുകയുമായിരുന്നു.
ഇവര്‍ തെര്‍മീറ്റര്‍ ഉപയോഗിച്ച് പനി നോക്കാത്തതാണ് എം.എല്‍.എയെ ചൊടിപ്പിച്ചത്. എം.എല്‍.എ മറ്റു രോഗികളുടെ മുന്നില്‍വച്ച് തങ്ങളെ അപമാനിച്ചതായി ഡോക്ടര്‍മാര്‍ ആരോപണം ഉന്നയിച്ചു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ സംഘടന അടയന്തരയോഗം ചേര്‍ന്നു. ഇന്ന് വിശദമായ യോഗം ചേര്‍ന്ന് പരാതിയുമായി മുന്നോട്ടുപോകുമെന്ന് സംഘടന അറിയിച്ചു.
കഴിഞ്ഞ ദിവസം യുവ ഡോക്ടര്‍ ദാരുണമായി കൊല്ലപ്പെട്ട വിഷയത്തിലുള്ള ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രതികരണം വിവാദമായതിനു പിന്നാലെയാണ് ഇപ്പോള്‍ ഒരു എം.എല്‍.എയുടെ മോശം പ്രതികരണത്തിനെതിരെ ഡോക്ടര്‍മാര്‍ ശക്തമായി രംഗത്തെത്തുന്നത്.
Keywords: Doctors, Complaint, Kongad MLA, CPM


COMMENTS