Xavier, a resident of Kochi's Katrikadav, was arrested for writing a letter threatening to assassinate Prime Minister Narendra Modi, who is visiting
സ്വന്തം ലേഖകന്‍
കൊച്ചി : കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ചാവേര്‍ ആക്രമണത്തില്‍ വധിക്കുമെന്നു കത്തെഴുതിയതിന് കൊച്ചി കതൃക്കടവ് സ്വദേശി സേവ്യര്‍ അറസ്റ്റില്‍.
അയല്‍വാസിയെ കുടുക്കാനായി അയാളുടെ പേരില്‍ സേവ്യര്‍ കത്തു തയ്യാറാക്കി ബിജെപി കേരള അദ്ധ്യക്ഷന്‍ സുരേന്ദ്രന് അയയ്ക്കുകയായിരുന്നു.
സേവ്യറെ അറസ്റ്റുചെയ്തു ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അയല്‍വാസിയായ ജോസഫ് ജോണി (75)യെ കുടുക്കുന്നതിനാണ് അദ്ദേഹത്തിന്റെ പേരും ഫോണ്‍ നമ്പറും വച്ച് കത്തു തയ്യാറാക്കി അയച്ചത്. വ്യക്തിവൈരാഗ്യമായിരുന്നു കാരണം.
സേവ്യറുടെ കൈയക്ഷരം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി, ഇദ്ദേഹം തന്നെയാണ് കത്തു തയ്യാറാക്കിയതെന്നു പൊലീസ് ഉറപ്പിച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.
സേവ്യര്‍ മുന്‍പ് എഴുതിയ സമാന സ്വഭാവമുള്ള കത്ത് ജോസഫ് ജോണിന്റെ പക്കലുണ്ടായിരുന്നു. അദ്ദേഹം ഈ കത്ത് പൊലീസിനു കൈമാറിയിരുന്നു. മറ്റു ചില അയല്‍ക്കാരും സേവ്യറിനെതിരേ മൊഴി കൊടുത്തിരുന്നു.
പള്ളി പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ വരവുചെലവു കണക്കുകള്‍ സംബന്ധിച്ചു സേവ്യറും ജോസഫ് ജോണും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനു വിവരമറിയുമെന്നു പറഞ്ഞ് സേവ്യര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതായിരിക്കാം കത്ത് എഴുതാന്‍ കാരണമെന്നു ജോസഫ് ജോണ്‍ പറഞ്ഞു.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് നാളെ വൈകിട്ട് പ്രധാനമന്ത്രി എത്തും. ഇതിനോടനുബന്ധിച്ചുള്ള സുരക്ഷ വിലയിരുത്തിക്കൊണ്ട് ഇന്റലിജന്‍സ് മേധാവി ടി കെ വിനോദ് കുമാര്‍ സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടിലാണ് ഭീഷണിയെക്കുറിച്ചു സൂചനയുണ്ടായിരുന്നത്.
കെ സുരേന്ദ്രന് ഒരാഴ്ചയ്ക്ക് മുന്‍പ് ഭീഷണി സന്ദേശം ലഭിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ മേല്‍വിലാസത്തിലാണ് കത്ത് വന്നത്. സുരേന്ദ്രന്‍ ഈ കത്ത് സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുശേഷമുള്ള പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്താണ് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്കു സുരക്ഷ ഒരുക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ പ്രത്യേകം ശ്രദ്ധിച്ച് ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സമീപകാലത്തായി കേരളത്തില്‍ ഉണ്ടായിട്ടുള്ള മാവോയിസ്റ്റ് സാന്നിധ്യവും പൊലീസും ഐബിയും ഗൗരവമായി കാണുന്നുണ്ട്.
ഏപ്രില്‍ 24, 25 തീയതികളിലാണ് മോഡി കേരളത്തില്‍ സന്ദര്‍ശനം നടത്തുക. ബിജെപിയുടെ പ്രചരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിലെ യുവം പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടന ചടങ്ങിനു ശേഷം തിരുവനന്തപുരത്ത് എത്തി വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
Summary: Xavier, a resident of Kochi's Katrikadav, was arrested for writing a letter threatening to assassinate Prime Minister Narendra Modi, who is visiting Kerala. In order to trap the neighbor, Xavier prepared a letter on his behalf and sent it to BJP Kerala president Surendran.
COMMENTS