സ്വന്തം ലേഖകന്‍ തിരുവനന്തപുരം : അടുത്ത ദിവസം കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ബി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : അടുത്ത ദിവസം കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഊമക്കത്ത്. എറണാകുളം സ്വദേശിയുടെ പേരും ഫോണ്‍ നമ്പറും വച്ചാണ് കത്തു വന്നത്. അന്വേഷണത്തില്‍ റിട്ടയേഡ് ഉദ്യോഗസ്ഥനെ കുടുക്കാനായി ഊമക്കത്ത് അയച്ചതാണെന്നാണ് പൊലീസ് കരുതുന്നത്. കത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് നാളെ വൈകിട്ട് പ്രധാനമന്ത്രി എത്തും. ഇതിനോടനുബന്ധിച്ചുള്ള സുരക്ഷ വിലയിരുത്തിക്കൊണ്ട് ഇന്റലിജന്‍സ് മേധാവി ടി കെ വിനോദ് കുമാര്‍ സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടിലാണ് ഭീഷണിയെക്കുറിച്ചു സൂചിപ്പിക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോയും സമാനമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്.
കെ സുരേന്ദ്രന് ഒരാഴ്ചയ്ക്ക് മുന്‍പ് ഭീഷണി സന്ദേശം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ മേല്‍വിലാസത്തിലാണ് കത്ത് വന്നത്. സുരേന്ദ്രന്‍ ഈ കത്ത് സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുശേഷമുള്ള പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്താണ് സുരക്ഷ ഒരുക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ പ്രത്യേകം ശ്രദ്ധിച്ച് ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും കത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്തായി കേരളത്തില്‍ ഉണ്ടായിട്ടുള്ള മാവോയിസ്റ്റ് സാന്നിധ്യവും ഐബി ഗൗരവമായി കാണുന്നുണ്ട്.
ഏപ്രില്‍ 24, 25 തീയതികളിലാണ് മോഡി കേരളത്തില്‍ സന്ദര്‍ശനം നടത്തുക. ബിജെപിയുടെ പ്രചരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിലെ യുവം പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടന ചടങ്ങിനു ശേഷം തിരുവനന്തപുരത്ത് എത്തി വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
COMMENTS