സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പി്ന്തുണയോടെ പഞ്ചാബില്‍ വീണ്ടും വിഘടനവാദത്തിന്റെ വിത്തു മുളപ്പിക്കാനിറങ്ങിയ തീവ്രവാദി നേതാവ് അമൃത്പ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പി്ന്തുണയോടെ പഞ്ചാബില്‍ വീണ്ടും വിഘടനവാദത്തിന്റെ വിത്തു മുളപ്പിക്കാനിറങ്ങിയ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ് ് മോഗയില്‍ പഞ്ചാബ് പൊലീസിന് മുന്നില്‍ കീഴടങ്ങി.
മാര്‍ച്ച് 18 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് മുഖേന അമൃത്പാല്‍ സിംഗ് പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ ശേഖരിച്ചിരുന്നു. ഇയാള്‍ വീണ്ടും പഞ്ചാബില്‍ വിഘടനവാദത്തിനു ശ്രമം നടത്തുയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കിയിരുന്നു.
അറസ്റ്റിനു പിന്നാലെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പഞ്ചാബ് പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. 'പഞ്ചാബിലെ മോഗയില്‍ അമൃത്പാല്‍ സിംഗ് അറസ്റ്റിലായി. കൂടുതല്‍ വിവരങ്ങള്‍ പഞ്ചാബ് പോലീസ് പങ്കിടും. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു. വ്യാജ വാര്‍ത്തകളൊന്നും പങ്കിടരുത്, പഞ്ചാബ് പൊലീസ് ട്വീറ്റ് ചെയ്തു.
മോഗ ജില്ലയിലെ റോഡ് ഗ്രാമത്തിലെ ഒരു ഗുരുദ്വാരയില്‍ വച്ചാണ് ഇയാള്‍ കീഴടങ്ങിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഇയാളെ അസമിലെ ദിബ്രുഗഡിലേക്ക് മാറ്റുന്നുവെന്നും പൊലീസ് അറിയിച്ചു. അവിടെ ഇയാളുടെ എട്ട് സഹായികള്‍ ഇതിനകം ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലുണ്ട്. വിചാരണ കൂടാതെ ഒരു വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്നതാണ് ദേശീയ സുരക്ഷാ നിയമം.
ഖാലിസ്ഥാന്‍-പാകിസ്ഥാന്‍ ഏജന്റ് എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന അമൃത്പാല്‍ സിംഗ്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഞ്ചാബില്‍ സജീവമാണ്. സായുധ അനുയായികളുടെ അകമ്പടിയോടെയാണ് ഇയാളുടെ സഞ്ചാരം.
ഖാലിസ്ഥാനി വിഘടനവാദിയും ഭീകരനുമായിരുന്ന ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ അനുയായിന്ന് അവകാശപ്പെടുന്ന ഇയാള്‍ അനുയായികള്‍ക്കിടയില്‍ 'ഭിന്ദ്രന്‍വാലെ 2.0' എന്നാണ് അറിയപ്പെടുന്നത്.
മാര്‍ച്ച് 18 ന് അമൃത്പാല്‍ സിങ്ങിനും ഇയാളുടെ സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' അംഗങ്ങള്‍ക്കും എതിരെ പഞ്ചാബ് പോലീസ് നടപടി ആരംഭിച്ചിരുന്നു, മാര്‍ച്ച് 18 ന് ഇയാളുടെ അനുയായികള്‍ അജ്നാല പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തതോടെയാണ് പൊലീസ് ശക്തമായ നടപടി ആരംഭിച്ചത്.
അമൃത്പാലിനും കൂട്ടാളികള്‍ക്കുമെതിരെ വര്‍ഗീയ ഭിന്നത പരത്തല്‍, കൊലപാതകശ്രമം, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, പൊതുപ്രവര്‍ത്തകരുടെ നിയമാനുസൃതമായ ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി നിരവധി ക്രിമിനല്‍ കേസുകള്‍ ചുമത്തിയിട്ടുണ്ട്.
Summary: Terrorist leader Amritpal Singh, who with the support of Pakistan has again planted the seeds of separatism in Punjab, surrendered before the Punjab Police in Moga. According to police sources, he surrendered at a Gurdwara in Road village of Moga district. The police informed that he is being shifted to Dibrugarh in Assam for security reasons.
COMMENTS