തിരുവനന്തപുരം : ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ശരീരത്ത് ഒരു ശതമാനം പൊള്ളൽ മാത്രമാണ് ഉള്ളതെന്ന് മെഡിക്കൽ സംഘം വ്യക്തമാക്ക...
തിരുവനന്തപുരം : ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ശരീരത്ത് ഒരു ശതമാനം പൊള്ളൽ മാത്രമാണ് ഉള്ളതെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി. ഇതേ സമയം ഇയാളുടെ കരളിന് പ്രശ്നങ്ങൾ ഉള്ളതായും ഡോക്ടർമാർ പറഞ്ഞു.
ഇയാളുടെ മുഖത്തും ശരീരത്തും ഉരഞ്ഞ പാടുകൾ ഉണ്ട് . ഇത് തീവയ്പ്പിനു ശേഷം ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയപ്പോൾ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്.
കാഴ്ചയ്ക്ക് തകരാറില്ല. വിരലുകൾക്കും ചെറിയ ഓടിവുണ്ട്. ഇതെല്ലാം ട്രെയിനിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചത് തന്നെയാണെന്നാണ് ഡോക്ടർമാരുടെ നിഗമനം.
ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിൽ പാർപ്പിച്ചിട്ടുള്ള ഇയാൾക്ക് കനത്ത കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 20 പൊലീസുകാർ സദാസമയവും ഇയാളുടെ സെല്ലിനു പുറത്ത് കാവലുണ്ട്.
കൂടാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരത്തും പൊലീസ് സുരക്ഷ കർക്കശമാക്കിയിട്ടുണ്ട്.
പോലീസിനെ കുഴപ്പിക്കുന്ന തരത്തിൽ വ്യത്യസ്തങ്ങളായ മറുപടികളാണ് ഇന്നലെ മൂന്നുമണിക്കൂർ ചോദ്യം ചെയ്തപ്പോൾ അയാൾ നൽകിയത്. ഇത് മനഃപൂർവം ചെയ്യുന്നതാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
ട്രെയിൻ തീവയ്പ്പിനു പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസിന് അറിയേണ്ടതുണ്ട്. പക്ഷേ ഇയാൾ വ്യക്തമായ ഒരു മറുപടിയും നൽകുന്നില്ല.
ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുക്കുന്നത് മുമ്പ് ഇയാളുടെ തെളിവെടുപ്പ് പൂർത്തിയാക്കി കേസിന് ദിശ നൽകേണ്ടതും പൊലീസിന്റെ അത്യാവശ്യമാണ്.
COMMENTS