സ്വന്തം ലേഖകന്‍ ചിന്നക്കനാല്‍: ചിന്നക്കനാല്‍ നിവാസികളുടെ പേടിസ്വപ്നമായ അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി ലോറിയില്‍ കയറ്റി കൊണ്ടുപോയി. ആ...
സ്വന്തം ലേഖകന്‍
ചിന്നക്കനാല്‍: ചിന്നക്കനാല്‍ നിവാസികളുടെ പേടിസ്വപ്നമായ അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി ലോറിയില്‍ കയറ്റി കൊണ്ടുപോയി. ആനയെ പെരിയാര്‍ കടുവാ സങ്കേതത്തിലെ മേതാകാനം മേഖലയില്‍ തുറന്നുവിടുമെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനു മുന്നോടിയായി തേക്കടി പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ആനയുടെ കഴുത്തില്‍ റേഡിയോ കോളറും പിടിപ്പിച്ചിട്ടുണ്ട്. കുമളി മേഖലയില്‍ പൊലീസിനു ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവിടെ വൈദ്യുതി വിച്ഛേദിക്കാനും അനുമതി നല്കിയിട്ടുണ്ട്.
തേക്കടിയില്‍ നിന്നു 15 കിലോ മീറ്റര്‍ ഉള്ളിലാണ് നിബിഡ വനമായ മേതകാനം. തമിഴ് നാട് അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശമാണ് ഇവിടം. ഇവിടെ തുറന്നുവിടുന്നതുകൊണ്ട് എന്തു ഫലമാണ് കിട്ടുകയെന്നു വ്യക്തമല്ല. ഒരു കാട്ടാന ഒരു ദിവസം ശരാശരി 25 കിലോ മീറ്റര്‍ വരെ നടക്കുമെന്നാണ് വനശാസ്ത്രജ്ഞര്‍ പറയുന്നത്. അപ്പോള്‍ ചിന്നക്കനാലില്‍ നിന്നു പിടികൂടിയ ആനയെ 15 കിലോ മീറ്റര്‍ ഉള്‍വനത്തില്‍ കൊണ്ടു വിടുന്നതിന്റെ ഫലം എന്താണെന്നു കണ്ടറിയണം.
ലക്ഷങ്ങള്‍ മുടക്കി ദൗത്യസംഘം രൂപീകരിച്ചു പിടികൂടിയ ആനയെ തേക്കടി വനത്തിലേക്കു മാറ്റുന്നതുകൊണ്ട്, ഒരു കാലിലെ മന്ത് മറ്റേ കാലില്‍ മാറ്റിക്കിട്ടുന്നതിനു തുല്യമാണെന്നു നാട്ടുകാര്‍ പറയുന്നു.
കനത്ത മഴയില്‍ ആനയെ പിടികൂടുക ഏറെ ദുഷ്‌കരമായിരുന്നു. അഞ്ചു തവണ മയക്കുവെടി വച്ച ശേഷമാണ് ആന മയങ്ങിയത്. ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വച്ചത്.
പിന്നീട് തുടരെ വെള്ളമൊഴിച്ചു പാതി മയക്കത്തിലെത്തിച്ച ശേഷമായിരുന്നു ലോറിയില്‍ കയറ്റിയത്. പേമാരിയും കാറ്റുമെല്ലാം ദൗത്യത്തിനു വെല്ലുവിളിയായി. കാലുകള്‍ ബന്ധിച്ചും കണ്ണ് കറുത്ത തുണികൊണ്ടു മൂടിയുമാണ് നാലു കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിലേക്കു തള്ളിക്കയറ്റിയത്. പാതി മയക്കത്തില്‍ പോലും ആന ശൗര്യത്തിലായിരുന്നു.
സൂര്യനെല്ലി ഭാഗത്തുനിന്നു സിമന്റ് പാലത്തിലെത്തിയപ്പോഴായിരുന്നു ആനയെ വെടിവച്ചത്. ഇന്നലെ സിങ്കുകണ്ടം ഭാഗത്തുണ്ടായിരുന്ന ആന പിന്നീടാണ് സൂര്യനെല്ലി ഭാഗത്തേയ്ക്കു വന്നത്. പടക്കം പൊട്ടിച്ചാണ് ആനയെ സിമന്റു പാലത്തിനടുത്ത് എത്തിച്ചത്.
ഇതിനിടെ മയക്കുവെടിയേറ്റ അരിക്കൊമ്പനു സമീപത്തേയ്ക്കു അക്രമകാരിയായ ചക്കക്കൊമ്പന്‍ എത്തിയത് വീണ്ടും ആശങ്കയുണ്ടാക്കി. ചക്കക്കൊമ്പനെ പായിച്ച ശേഷമാണ് അരിക്കൊമ്പനെ വടം കെട്ടി ബന്ധിച്ചു ലോറിയില്‍ കയറ്റിയത്.
Summary: Arikomban, a wild elephant, the nightmare of Chinnakanal residents, was darted with tranquillisers on Saturday and taken away in a lorry. It is reported that the elephant will be shifted to Periyar Wildlife Sanctuary. The forest department officials have not released more details.
COMMENTS