Shafi Parambil MLA is against minister Riyas
കൊല്ലം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ ഷാഫി പറമ്പില്‍ രംഗത്ത്. പ്രതിപക്ഷനേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്നതടക്കം അടച്ചാക്ഷേപിച്ച മന്ത്രി റിയാസും മുഖ്യമന്ത്രിയും അടക്കമുള്ളവര്‍ നട്ടെല്ല് സ്വപ്‌ന സുരേഷിന് പണയംവച്ചവരാണെന്ന് ഷാഫി ആക്ഷേപിച്ചു.
പ്രതിപക്ഷ നേതാവ് ആരെന്ന് തീരുമാനിച്ചത് ഹൈക്കമാന്റാണ് അല്ലാതെ കിച്ചണ്‍ ക്യാബിനെറ്റിന്റെ ആനുകൂല്യത്തില്‍ പദവിയില്‍ എത്തിയ ആളല്ല വി.ഡി സതീശനെന്നും ഷാഫി ആവര്‍ത്തിച്ചു. റിയാസിന്റേത് പേയ്മെന്റ് സീറ്റാണെന്നു പറഞ്ഞത് സിപിഎമ്മിന്റെ ഒപ്പം ഉണ്ടായിരുന്ന എം.പി വീരേന്ദ്രകുമാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ചേമ്പറില്‍ പോയി ഭീഷണിപ്പെടുത്തി സ്പീക്കറെ ഓഫീസ് സെക്രട്ടറിയെ പോലെ ആക്കിയിരിക്കുയാണെന്നും പ്രതിപക്ഷത്തിന്റെ ഒരു ചോദ്യത്തിനും ഉത്തരം ലഭിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു.
സഭാ ടിവിയുടെ തിരക്കഥയും സംഭാഷണവും എ.കെ.ജി സെന്ററില്‍ നിന്നാണെന്ന് പറഞ്ഞ ഷാഫി പിണറായി വിജയന്‍ മോഡി സ്‌റ്റൈലിലുള്ള ഭരണമാണ് നടത്തുന്നതെന്നും ഇത് അനുവദിക്കുകയില്ലെന്നും സഭാ ടിവിയുമായി സഹകരിക്കുകയില്ലെന്നും ആവര്‍ത്തിച്ചു.
സൈബര്‍ലോകത്തു നിന്നും വിമര്‍ശനം വരുന്നതില്‍ പ്രതിപക്ഷ നേതാവിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും പി.ആര്‍ ഏജന്‍സിയെ ഒന്നു മാറ്റിപ്പിടിക്കുന്നതാണ് നല്ലതെന്നും ഷാഫി പറമ്പില്‍ മന്ത്രിയെ ഓര്‍മ്മപ്പെടുത്തി.
Keywords: Shafi Parambil MLA, Riyas, V.D Satheesan
COMMENTS