Rahul Gandhi about his disqualification
ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും അതിനാല്‍ തന്റെ ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ലോക്സഭയില്‍ അയോഗ്യനാക്കപ്പെട്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ നിശ്ശബ്ദനാക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ലെന്നും ജയിലിലടച്ചാലും ചോദിക്കാനുള്ളത് ചോദിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭയില്‍ മോദി - അദാനി ബന്ധം തുറന്നു കാട്ടിയതു മുതലാണ് തനിക്കെതിരെ മോദി സര്‍ക്കാര്‍ വൈരാഗ്യ നടപടികള്‍ നടത്തുന്നതെന്നും അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപ ആരുടേതാണെന്നും ചോദിച്ച രാഹുല്‍ മോദിയുടെ കണ്ണുകളില്‍ താന്‍ ഭയം കാണുന്നുയെന്നും വ്യക്തമാക്കി.
താന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടി ലഭിച്ചിട്ടില്ലെന്നും സ്പീക്കറെ നേരിട്ട് കണ്ടിട്ടും തന്നെ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദാനിക്കായി ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിമാനത്താവളങ്ങള്‍ നല്കിയെന്നു ആരോപിച്ച രാഹുല്‍ പാര്‍ലമെന്റിലെ തന്റെ അടുത്ത പ്രസംഗത്തെ ഭയന്നാണ് പ്രധാനമന്ത്രി തന്നെ അയോഗ്യനാക്കിയതെന്നും ആരോപിച്ചു.
അദാനിയും മോദിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനിരിക്കെയാണ് അയോഗ്യനാക്കപ്പെട്ടത്. രാജ്യത്തെ നിയമ സംവിധാനങ്ങളെ ബഹുമാനിക്കുന്നുവെന്നും സത്യത്തിന് വേണ്ടി പോരാടുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞു. അയോഗ്യതയോ, ആരോപണങ്ങളോ തന്നെ ബാധിക്കില്ലെന്നും സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Rahul Gandhi, Modi, Disqualification
COMMENTS