More chats between M.Sivasankar and Swapna Suresh out
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പല തവണ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വപ്‌ന സുരേഷിനെ കണ്ടുവെന്നു പറയുന്നത് പച്ചക്കള്ളമാണെന്നു ക്ഷുഭിതനായാണ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് എം.ശിവശങ്കറുമായി സ്വപ്‌ന നടത്തിയ വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തുവന്നത്.
സ്വപ്ന കോണ്‍സുലേറ്റിലെ ജോലി രാജിവച്ചതിനു ശേഷമുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വപ്‌നയ്ക്ക് നോര്‍ക്കയില്‍ ജോലി തരപ്പെടുത്താന്‍ മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചുവെന്ന് ശിവശങ്കര്‍ പറയുന്നു. മുഖ്യമന്ത്രിക്ക് എല്ലാമറിയാമെന്നും പറയുന്നുണ്ട്.
സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നുവെന്ന് സി.എം രവീന്ദ്രനോട് താന്‍ പറഞ്ഞതായും ശിവശങ്കര്‍ പറയുന്നുണ്ട്. കോണ്‍സുലേറ്റിലെ ജോലി സ്വപ്ന രാജിവച്ചെന്നറിഞ്ഞപ്പോള്‍ സി.എം രവീന്ദ്രന്‍ ഞെട്ടിയെന്നും ചാറ്റിലുണ്ട്.
ചാറ്റിലെ വിവരങ്ങള്‍ പുറത്തുവന്നതിനെ പിന്നാലെ നിയമസഭ പോലെ പരിപാവനമായൊരു സ്ഥലത്തുനിന്ന് മുഖ്യമന്ത്രിയാണ് പച്ചക്കള്ളം വിളിച്ചുപറയുന്നതെന്ന് സ്വപ്‌ന വെളിപ്പെടുത്തി.
നിരവധി തവണ താന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്നോട് പറഞ്ഞതനുസരിച്ച് ഭാര്യയുടെയും മകന്റെയും മകളുടെയും ബിസിനസ് ആവശ്യങ്ങള്‍ക്കായി പല തവണ ശിവശങ്കറുമൊത്തും അല്ലാതെയും വിദേശത്തടക്കം പോയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.
ഇത് കള്ളമാണെങ്കില്‍ മുഖ്യമന്ത്രി തനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സ്വപ്‌ന പറഞ്ഞു. നോര്‍ക്കയില്‍ തനിക്ക് ജോലി ലഭിക്കാതിരുന്നത് എം.എ യൂസുഫലി ഇടപെട്ടതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു.
തനിക്ക് ജോലിക്കായുള്ള യോഗ്യതയില്ലെങ്കില്‍ സി.എം രവീന്ദ്രന് ലക്ഷങ്ങള്‍ ശമ്പളം വാങ്ങാനും കോടിക്കണക്കിന് സ്വത്തുക്കള്‍ സ്വന്തമാക്കാനും എന്തു യോഗ്യതയാണുള്ളതെന്നും സ്വപ്ന ചോദിച്ചു. ഇതിനെതിരെ തന്റെ മരണം വരെ പോരാടുമെന്നും അവര്‍ ആവര്‍ത്തിച്ചു.
COMMENTS