Is it time for Prime Minister Modi to vacate the chair? When RSS chief's words to stay at home after 75 lead to a big discussion...
അഭിനന്ദ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉടന്‍ വിരമിക്കുമോ? ഈ ചോദ്യം പരോക്ഷമായി ഉന്നയിച്ചിരിക്കുന്നത് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതാണ്. 75ാം വയസ്സായാല്‍ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന് ഇന്നലെ ഒരു പൊതു ചടങ്ങില്‍ മോഹന്‍ ഭാഗവത് പറഞ്ഞതോടെയാണ് മോഡിയുടെ വിരമിക്കലിനെക്കുറിച്ചു ചര്‍ച്ച സജീവമായിരിക്കുന്നത്.
ഈ സെപ്റ്റംബറില്‍ മോഹന്‍ ഭാഗവതിനും മോഡിക്കും 75 വയസ്സ് തികയുകയാണ്. മോഹന്‍ ഭാഗവതും പ്രധാനമന്ത്രി മോദിയും 1950 സെപ്റ്റംബറിലാണ് ജനിച്ചത്. ഭാഗവത് 11-ാം തീയതിയും മോദി ആറ് ദിവസങ്ങള്‍ക്ക് ശേഷം 17-ാം തീയതിയും ജനിച്ചു.അന്തരിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവേ, ബുധനാഴ് വൈകിട്ടാണ് മോഹന്‍ ഭാഗവത് വെടിപൊട്ടിച്ചത്. 'നിങ്ങള്‍ക്ക് 75 വയസ്സ് തികയുമ്പോള്‍, നിങ്ങള്‍ മറ്റുള്ളവര്‍ക്ക് വഴിയൊരുക്കണം' എന്നാണ് ഭഗവത് പറഞ്ഞത്.
'75 വയസ്സ് തികഞ്ഞതിനുശേഷം നിങ്ങള്‍ക്ക് ഒരു ഷാളെങ്കിലും തന്ന് മറ്റുള്ളവര്‍ ആദരിക്കണമെങ്കില്‍, നിങ്ങള്‍ ഇപ്പോള്‍ നിര്‍ത്തണം. നിങ്ങള്‍ വൃദ്ധനാണ്; മാറിനില്‍ക്കുക. മറ്റുള്ളവരെ കടന്നുവരാന്‍ അനുവദിക്കുക എന്നാണ് മൊറോപന്ത് പിംഗ്ളേ ഒരിക്കല്‍ പറഞ്ഞത്,'' മോഹന്‍ ഭഗവത് അനുസ്മരിച്ചു. രാഷ്ട്രസേവനത്തോടുള്ള സമര്‍പ്പണമുണ്ടായിരുന്നിട്ടും, പിന്മാറാന്‍ സമയമാവുമ്പോള്‍ മാന്യമായി പിന്മാറുന്നതില്‍ മൊറോപാന്ത് വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![]() |
പ്രധാനമന്ത്രി മോഡിക്കുള്ള സന്ദേശമായാണ് ഇതിനെ പലരും വ്യാഖ്യാനിച്ചത്. ഈ പരാമര്‍ശം ഒരു രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. പതിവുപോലെ ശിവസേന (യുബിടി) രാജ്യസഭാംഗം സഞ്ജയ് റാവത്ത് ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. 'എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ് തുടങ്ങിയ നേതാക്കളെ 75 വയസ്സ് തികഞ്ഞപ്പോള്‍ വിരമിക്കാന്‍ നിര്‍ബന്ധിച്ചത് പ്രധാനമന്ത്രി മോഡിയായിരുന്നു. ഇപ്പോള്‍ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്നു കണ്ടറിയാം.' ഇതായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം.
ഈ വര്‍ഷം മാര്‍ച്ചില്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് മോഡി നടത്തിയ സന്ദര്‍ശനം തന്റെ വിരമിക്കല്‍ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നുവെന്ന് റാവത്ത് നേരത്തെ പറഞ്ഞിരുന്നു . സന്ദര്‍ശനം പതിവ് സന്ദര്‍ശനമാണെന്നും അത്തരം പ്രഖ്യാപനങ്ങളുമായി ബന്ധമില്ലെന്നുമാണ് ബിജെപി അന്ന് പറഞ്ഞത്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് മോഡി ആര്‍ എസ് എസ് ആസ്ഥാനത്ത് എത്തിയത്.
ബിജെപിയുടെ ഭരണഘടനയില്‍ വിരമിക്കല്‍ വ്യവസ്ഥയില്ലെന്ന് 2023 മേയ് മാസത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. 'മോഡി ജി 2029 വരെ നേതൃത്വം നല്‍കും. വിരമിക്കല്‍ കിംവദന്തികളില്‍ സത്യമില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യാ ബ്ലോക്ക് നുണകള്‍ കൊണ്ട് വിജയിക്കില്ല എന്നായിരുന്നു ഷായുടെ പ്രതികരണം.
രസകരമെന്നു പറയട്ടെ, ഭഗവതിന്റെ പ്രസ്താവനയുടെ അതേ ദിവസം തന്നെ അമിത് ഷാ, വിരമിക്കലിനു ശേഷമുള്ള തന്റെ അഭിലാഷങ്ങളെക്കുറിച്ച് മറ്റൊരു പരിപാടിയില്‍ സംസാരിക്കുകയും ചെയ്തു. 'വേദങ്ങള്‍, ഉപനിഷത്തുകള്‍, ജൈവകൃഷി എന്നിവയ്ക്കായി വിരമിക്കലിനു ശേഷമുള്ള സമയം സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' എന്നായിരുന്നു ഷാ പറഞ്ഞത്. ഏപ്രിലില്‍ ഷായ്ക്ക് 60 വയസ്സ് തികഞ്ഞു.
എന്നാല്‍ ആര്‍എസ്എസ് നിരീക്ഷകനും മുന്‍ സ്വയംസേവകനുമായ ദിലീപ് ദിയോധര്‍ മോഡി രാജിവയ്ക്കാനുള്ള സാധ്യത തള്ളിക്കയുന്നു. ''ഈ ചര്‍ച്ചയില്‍ കാര്യമൊന്നുമില്ല. 75 വയസ്സ് മാനദണ്ഡത്തിന് മോഡി ഒരു അപവാദമായിരിക്കുമെന്ന് ഭാഗവത് അഞ്ച് വര്‍ഷം മുമ്പ് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. എന്നാലും, ബിജെപിയുടെ മേലുള്ള പിടി കൂടുതല്‍ ശക്തമാക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമമായി ഭാഗവതിന്റെ പ്രസ്താവനയെ കാണണമെന്ന് ദിയോധര്‍ പറയുന്നു.
''സംഘത്തില്‍ ഒരു പാരമ്പര്യമുണ്ട്. ശാരീരികമായി ആരോഗ്യമില്ലാത്തവരല്ലാതെ ഒരു സര്‍സംഘചാലകും സ്ഥാനമൊഴിഞ്ഞിട്ടില്ല. ബാലാസാഹേബ് ദിയോറസ്, രജ്ജു ഭയ്യ, കെഎസ് സുദര്‍ശന്‍ എന്നിവരെല്ലാം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മാത്രമാണ് സ്ഥാനം ഉപേക്ഷിച്ചത്. 78 വയസ്സുള്ളപ്പോള്‍ മോശം ആരോഗ്യം കാരണം രജ്ജു ഭയ്യയും സുദര്‍ശനും വിരമിക്കല്‍ പ്രഖ്യാപിച്ചു. മൂന്നാമത്തെ സര്‍സംഘചാലക് ബാലാസാഹേബ് ദിയോറസ് 1994 വരെ ആര്‍എസ്എസിന്റെ തലവനായി തുടര്‍ന്നു, 79 വയസ്സ് വരെ. ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് ഔദ്യോഗികമായി സ്ഥാനമൊഴിയുകയും രജ്ജു ഭയ്യയെ പിന്‍ഗാമിയാക്കുകയും ചെയ്തു. ഇവിടെ, ഭഗവതും മോദിയും ശാരീരികമായി ആരോഗ്യമുള്ളവരാണ്, ഫലപ്രദമായി സേവനം തുടരുന്നു,' പേരു വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഒരു ഉന്നത് ആര്‍ എസ് എസ് നേതാവ് പറഞ്ഞു.
ബിജെപിയും ആര്‍.എസ്.എസും ഇപ്പോഴും സ്വന്തം ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പുതിയ ബിജെപി പ്രസിഡന്റ് ആരായിരിക്കണമെന്ന കാര്യത്തിലേക്കു വരെ മോഹന്‍ ഭാഗവതിന്റെ വാക്കുകളുടെ സൂചന ചെന്നെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ ഭാഗവതിന്റെ വാക്കുകളോട് ബി ജെ പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്ങനയായവും ബിജെപി ഭാഗവതിനു മറുപടി നല്കുക എന്നതു നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ ഭാവിയിലേക്കുള്ള സൂചകം കൂടിയാവും.
Summary: Is it time for Prime Minister Modi to vacate the chair? When RSS chief's words to stay at home after 75 lead to a big discussion....
COMMENTS