Public have accused the police of the death of a man taken into custody at the Tripunithura police station. Manoharan, a native of Irumbanam
മര്‍ദ്ദിച്ചിട്ടില്ലെന്നും ശാരീരിക അസ്വാസ്ഥ്യമാണ് മരണ കാരണമെന്നും പൊലീസ്
കൊച്ചി : കൈകാണിച്ചപ്പോള്‍ ടൂ വീലര്‍ നിറുത്താന്‍ വൈകിയെന്നാരോപിച്ചു തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു മദ്ധ്യവയസ്‌കന്‍ ആശുപത്രിയില്‍ മരിച്ചു.
പൊലീസിന്റെ ക്രൂരമര്‍ദ്ദനമാണ് മരണകാരണമെന്ന് ദൃക്‌സാക്ഷികളും ബന്ധുക്കളും പറയുന്നു. ഇരുമ്പനം കര്‍ഷക കോളനി നിവാസിയായ മനോഹരന്‍ (52) ആണ് മരിച്ചത്.
രാത്രി എട്ടു മണിയോടെ ടൂവീലര്‍ ഓടിച്ചു പോകുന്ന മനോഹരനെ പൊലീസ് കൈകാണിച്ചു. വാഹനം അല്പം മുന്നോട്ടു പോയാണ് നിറുത്തിയത്.
മനോഹരന്‍ ഹെല്‍മറ്റ് ഊരുന്നതിനിടെ പാഞ്ഞെത്തിയ പൊലീസുകാരന്‍ മുഖത്ത് ആഞ്ഞടിച്ചു. തുടര്‍ന്ന് മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായി ഉൗതിച്ചു. മദ്യപിച്ചിട്ടില്ലെന്നു മനസ്സിലായിട്ടും പൊലീസ് ജീപ്പിലേക്കു വലിച്ചു കയറ്റിയും മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
അവിടെ നിന്ന് ഹില്‍ പാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. സ്‌റ്റേഷനിലും മര്‍ദ്ദിച്ചുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഒന്‍പതു മണിയോടെ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. പക്ഷേ, നില ഗുരുതരമെന്നു കണ്ട് ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
മനോഹരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ശാരീരിക അസ്വാസ്ഥ്യമാണ് മരണ കാരണമെന്നും പൊലീസ് പറയുന്നു.
COMMENTS