Protest against Kerala budget
കൊച്ചി: കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ച ജനദ്രോഹ ബജറ്റിനെതിരെ സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ വ്യാപക പ്രതിഷേധം. സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കുകയാണ്. എറണാകുളത്ത് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ആലുവ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കരിങ്കൊടി കാട്ടിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ ഗസ്റ്റ് ഹൗസ് വന്‍ പൊലീസ് സുരക്ഷാവലയത്തിലാണ്. അതേസമയം ബജറ്റിലെ ഇന്ധന സെസിനെതിരെ ഇടതുപക്ഷത്തിനകത്തു തന്നെ പ്രതിഷേധമുയരുന്നുണ്ട്. ഇ.പി ജയരാജനടക്കമുള്ള ചില നേതാക്കള്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി.
ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസില്‍ പ്രശ്‌നങ്ങളുണ്ടെന്നും അയല്‍ സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ വിലക്കൂട്ടുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അതിനാല്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ ഇന്ധന സെസ് ചുമത്തിയത് ബജറ്റിലെ നിര്‍ദ്ദേശം മാത്രമാണെന്നും ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്നും കേന്ദ്ര സര്‍ക്കാരാണ് വില വര്‍ദ്ധിപ്പിച്ചതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
Keywords: Budget, CM, Protest, Police
COMMENTS