M.Sivasankar under E.D custody for four more days
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാലു ദിവസം കൂടി നീട്ടി. കഴിഞ്ഞ അഞ്ചു ദിവസമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലായിരുന്ന ശിവശങ്കറെ കസ്റ്റഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ നാലു ദിവസം കൂടി കസ്റ്റഡി കാലാവധി നീട്ടിത്തരണമെന്നും ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തം വളരെ വലുതാണെന്നും നാലു ദിവസത്തിനുള്ളില്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാമെന്നും ഇ.ഡി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയതും സഹായം ചെയ്യാന്‍ ആവശ്യപ്പെട്ടതും ശിവശങ്കറാണെന്ന യു.വി ജോസിന്റെ മൊഴി ശിവശങ്കറിന് കൂടുതല്‍ കുരുക്കായതാണ് വിവരം.
മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി വീണ്ടും വിളിച്ചുവരുത്തും. ശിവശങ്കറിന്റെയും സ്വപ്നയുടെയും വാട്‌സ് ആപ്പ് ചാറ്റുകളെക്കുറിച്ചും ഇ.ഡിക്ക് കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. ഇതിനെല്ലാമായാണ് നാലു ദിവസം കൂടി ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടത്.
Keywords: M.Sivasankar, E.D, Custody, Four more days
COMMENTS