Even insulin and paracetamol are not available in Pakistan which is in financial crisis. Patients are living in hell without any essential medicines
അഭിനന്ദ്
ന്യൂഡല്‍ഹി : സാമ്പത്തിക പ്രതിസന്ധിയില്‍ മുച്ചൂടും മുടിഞ്ഞ പാകിസ്ഥാനില്‍ ഇന്‍സുലിനും പാരസെറ്റാമോളും പോലും കിട്ടാനില്ലാത്ത സ്ഥിതി. ആശുപത്രികളില്‍ അവശ്യമരുന്നുകളൊന്നുമില്ലാതെ രോഗികള്‍ നരകയാതനയിലാണ്.
അവശ്യമരുന്നുകള്‍ കിട്ടാനില്ലാതായത് ആരോഗ്യസംരക്ഷണ സംവിധാനത്തെ ഗരുതരമായി ബാധിച്ചു.
രാജ്യത്ത് വിദേശനാണ്യ കരുതല്‍ ശേഖരം ഇല്ലാതായതോടെ അവശ്യ മരുന്നുകളോ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉപയോഗിക്കുന്ന ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളോ (എപിഐ) ഇറക്കുമതി ചെയ്യാനാവാത്ത സ്ഥിതിയാണ്.
അവശ്യ ഘടകങ്ങള്‍ കിട്ടാതായതോടെ രാജ്യത്തെ മരുന്ന് നിര്‍മ്മാതാക്കള്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ദൗര്‍ലഭ്യം കാരണം ശസ്ത്രക്രിയകള്‍ മുടങ്ങുന്നതും പതിവായിരിക്കുന്നു.
പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഹൃദയം, കാന്‍സര്‍, വൃക്ക എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന സര്‍ജറികള്‍ക്ക് ആവശ്യമായ അനസ്‌തെറ്റിക്‌സ് രണ്ടാഴ്ചത്തെ ആവശ്യത്തിനുള്ള സ്റ്റോക്ക് മാത്രമാണ് രാജ്യത്തുള്ളത്. മിക്ക ആശുപത്രികളും പൂട്ടലിന്റെ വക്കിലാണ്.
അവശ്യ മരുന്നുകളുടെ ഇറക്കുമതിക്കായി വാണിജ്യ ബാങ്കുകള്‍ പുതിയ ലെറ്റര്‍ ഒഫ് ക്രെഡിറ്റ് (എല്‍സി) നല്‍കുന്നില്ലെന്ന് മരുന്ന് നിര്‍മ്മാതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഭരണത്തലപ്പത്തിരിക്കുന്നവരുടെ പിടിപ്പുകേടാണ് ഈ സ്ഥിതിയിലേക്കു രാജ്യത്തെ എത്തിച്ചതെന്നു ജനങ്ങള്‍ പറയാന്‍ തുടങ്ങിയിട്ടു കാലമേറെയായി.
ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കളാണ് മരുന്നു നിര്‍മാണത്തിന് പാകിസ്ഥാന്‍ 95 ശതമാനവും ആശ്രയിക്കുന്നത്.
ബാങ്കിംഗ് സംവിധാനത്തില്‍ ഡോളറിന്റെ ക്ഷാമം നിമിത്തം മിക്ക മരുന്നു നിര്‍മ്മാതാക്കള്‍ക്കും വന്ന ഇറക്കുമതി സാമഗ്രികള്‍ കറാച്ചി തുറമുഖത്ത് തടഞ്ഞുവച്ചിരിക്കുകയാണ്.
ഇന്ധനച്ചെലവും ഗതാഗത നിരക്കും വര്‍ധിക്കുന്നതും പാകിസ്ഥാന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും മൂലം മരുന്നുകളുടെ നിര്‍മാണച്ചെലവ് നിരന്തരം വര്‍ധിക്കുകയാണ്.
സ്ഥിതിഗതികള്‍ ദുരന്തമായി മാറുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പാകിസ്ഥാന്‍ മെഡിക്കല്‍ അസോസിയേഷന്‍ (പിഎംഎ) അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതേസമയം, അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനുപകരം, മരുന്നുകളുടെ അളവ് വിലയിരുത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
സുപ്രധാന മരുന്നുകളുടെ സ്റ്റോക്ക് എത്രയുണ്ടെന്നറിയാന്‍ സര്‍ക്കാര്‍ നിയോഗിച്ച സര്‍വേ ടീമുകള്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തിയതായി പാകിസ്ഥാനിലെ പഞ്ചാബിലെ മെഡിക്കല്‍ ഷോപ് ഉടമകള്‍ പറഞ്ഞു. സാധാരണവും എന്നാല്‍ പ്രധാനപ്പെട്ടതുമായ ചില മരുന്നുകളുടെ കുറവ് ഭൂരിഭാഗം ഉപഭോക്താക്കളെയും ബാധിക്കുന്നതായി ചില്ലറ വ്യാപാരികള്‍ വെളിപ്പെടുത്തി. ഈ മരുന്നുകളില്‍ പനഡോള്‍, ഇന്‍സുലിന്‍, ബ്രൂഫെന്‍, ഡിസപിരിന്‍, കാല്‍പോള്‍, ടെഗ്രല്‍, നിമെസുലൈഡ്, ഹെപാമെര്‍സ്, ബുസ്‌കോപാന്‍, റിവോട്രില്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു.
മരുന്ന് ഉത്പാദനം 25 ശതമാനം കണ്ടു കുറയ്‌ക്കേണ്ടി വന്നിരിക്കുകയാണെന്ന് ജനുവരിയില്‍ പാകിസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (പിപിഎംഎ) സെന്‍ട്രല്‍ ചെയര്‍മാന്‍ സയ്യിദ് ഫാറൂഖ് ബുഖാരി പറഞ്ഞിരുന്നു. ഇപ്പോള്‍ സ്ഥിതി ഇതിലും വളരെ മോശമായിരിക്കുകയാണ്.
നിലവിലെ നയങ്ങള്‍ (ഇറക്കുമതി നിരോധനം) അടുത്ത നാലോ അഞ്ചോ ആഴ്ചത്തേക്ക് നിലനില്‍ക്കുകയാണെങ്കില്‍ രാജ്യത്ത് ഏറ്റവും മോശമായ മരുന്ന് പ്രതിസന്ധി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് ഏതാണ്ട് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
ഈ മാസം ആദ്യം, പാകിസ്ഥാന്‍ സര്‍ക്കാരും അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളും 6.5 ബില്യണ്‍ യുഎസ് ഡോളറിന്റെ ബെയ്ല്‍ ഔട്ട് പാക്കേജിന്റെ ഒമ്പതാം വട്ട ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും തീരുമാനത്തിലെത്താതെ പിരിഞ്ഞിരുന്നു. ഐ എം എഫ് വയ്ക്കുന്ന ഒരു ഉപാധിയും സ്വീകരിക്കാന്‍ പോലുമാവാത്ത ഗതികേടിലാണ് രാജ്യം. പാകിസ്ഥാനെ കടക്കെണിയില്‍ ചാടിച്ച ചൈന മുഖം തിരിഞ്ഞു നില്‍ക്കെ അവരുടെ അവസാനത്തെ പ്രതീക്ഷയായിരുന്നു ഐ എം എഫ് സഹായം. അതും കിട്ടാതായതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.
രാജ്യത്ത് ലഭ്യമായ വിഭവങ്ങളെല്ലാം പട്ടാളത്തിന്റെ ആവശ്യത്തിനായി മാറ്റുകയാണ്. ഇതോടെ ജനം കലാപത്തിന്റെ വക്കിലാണ്.
നരേന്ദ്ര മോഡി പാക്സ്ഥാന്റെ പ്രധാനമന്ത്രിയായിരുന്നുവെങ്കിലെന്ന് ആശിച്ചുപോകുന്നുവെന്ന് കഴിഞ്ഞ ദിവസം ഒരു പാക് യുവാവ് നടത്തിയ പ്രതികരണം ലോകമാകെ വൈറലായത് രാജ്യത്തെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
Summary: Even insulin and paracetamol are not available in Pakistan which is in financial crisis. Patients are living in hell without any essential medicines in hospitals. Non-availability of essential medicines has seriously affected the healthcare system.
COMMENTS