Clean chit for ex CM Oommen Chandy
തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സി.ബി.ഐ ക്ലീന്‍ ചിറ്റ്. കേസില്‍ തെളിവില്ലെന്ന് കാട്ടി സി.ബി.ഐ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പരാതിപ്പെട്ട ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഉമ്മന്‍ചാണ്ടിയെ കൂടാതെ എ.പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ ചീറ്റ് നല്‍കിയിട്ടുണ്ട്. സോളാര്‍ പീഡനത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണിത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ചും അബ്ദുള്ളക്കുട്ടി മസ്കറ്റ് ഹോട്ടലില്‍ വച്ചും തന്നെ പീഡിപ്പിച്ചുയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സി.ബി.ഐ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസുകളിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച വന്‍ വിവാദമായ സോളാര്‍ വിഷയത്തില്‍ ആറു കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ ആറു കേസുകളിലെയും പ്രതികളെയാണ് സി.ബി.ഐ ഇപ്പോള്‍ കുറ്റവിമുക്തരാക്കിയിരിക്കുന്നത്.
നേരത്തെ ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയര്‍ന്നത്. അന്നത്തെ പ്രതിപക്ഷം പരാതിക്കാരിയെ മുന്‍നിര്‍ത്തി ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നെന്നും ആരോപണമുണ്ടായിരുന്നു.
പരാതിയില്‍ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. ഈ അന്വേഷണം തെളിവുകളൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറിയത്.
Keywords, Solar case, Clean chit, Ex CM Oommen Chandy
COMMENTS