ദോഹ: പെനാൽറ്റി പാഴാക്കിയ ഇംഗ്ലീഷ് ക്യാപ്റ്റൻഹരി കെയ്നിന്റെ പിഴവ് മുതലെടുത്ത് ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പിന്റെ സെമിയിൽ കടന്നു. നന്നായി ...
ദോഹ: പെനാൽറ്റി പാഴാക്കിയ ഇംഗ്ലീഷ് ക്യാപ്റ്റൻഹരി കെയ്നിന്റെ പിഴവ് മുതലെടുത്ത് ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പിന്റെ സെമിയിൽ കടന്നു.
നന്നായി പൊരുതി കളിച്ചുവെങ്കിലും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ടിനെ വീഴ്ത്താൻ ഫ്രാൻസിന് കഴിഞ്ഞു.
പതിനേഴാം മിനിറ്റിൽ ഔറേലിയൻ ചൗമേനിയും എഴുപത്തെട്ടാം മിനിറ്റിൽ ഒളിവർ ജിറൂദുമാണ് ഫ്രാൻസിനു വേണ്ടി ഗോളുകൾ നേടിയത്.
നാല്പത്തിയെട്ടാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയിനാണ് ഇംഗ്ലണ്ടിന്റെ ഗോൾ നേടിയത്. സമനിലയ്ക്ക് തുടർന്നു ലഭിച്ച അവസരം കെയിൻ പാഴാക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ സെമി മോഹങ്ങൾ അസ്തമിച്ചത്.
പകരക്കാരനായി ഇറങ്ങിയ മേസൺ മൗണ്ടിനെ എൺപത്തിരണ്ടാം മിനിറ്റിൽ ഫ്രാൻസിന്റെ തിയോ ഹെർണണ്ടസ് സ്വന്തം ബോക്സിൽ വീഴ്ത്തിയതിനാണ് ഇംഗ്ലണ്ടിന് പെനാൽറ്റി അവസരം ലഭിച്ചത്.
സമനില പിടിക്കാനുള്ള ഈ സുവർണ്ണാവസരം ഹാരി കെയിൻ ക്രോസ് ബാറിന് മുകളിലൂടെ അടിച്ചു പുറത്തേക്ക് കളയുകയായിരുന്നു.
ഡിസംബർ 14ന് ഇതേ വേദിയിൽ ആദ്യ സെമിയിൽ മൊറോക്കോയെയാണ് ഫ്രാൻസ് നേരിടുക. പോർച്ചുഗലിനെ വീഴ്ത്തിയാണ് മൊറോക്കോ സെമിയിൽ കടന്നത്.
ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇംഗ്ലണ്ടിനെ ഫ്രാൻസ് വീഴ്ത്തുന്നത്. ഇതിനു മുൻപ് രണ്ട് തവണ ഏറ്റുമുട്ടിയിട്ടുള്ളപ്പോഴും വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.
ലോകകപ്പ് മത്സരങ്ങളിൽ ആദ്യ പകുതിയിൽ പിന്നിലായപ്പോയ ഇംഗ്ലണ്ട് ഇന്നുവരെ കളി ജയിച്ച ചരിത്രമില്ല. ഇക്കുറിയും ആ ചരിത്രം തെറ്റിക്കാതെ തന്നെയാണ് ഇംഗ്ലണ്ടിന്റെ പിൻമടക്കം.
ലോകകപ്പ് ക്വാർട്ടർ മത്സരങ്ങളിൽ തോറ്റു പുറത്താകുന്ന ടീം എന്ന അപഖ്യാതിയും ഇംഗ്ലണ്ടിന് ഇതോടെ സ്വന്തമായി. ഇത് ഏഴാം തവണയാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ പുറത്താകുന്നത്. ഈ റെക്കോർഡ് മറ്റൊരു ടീമിനും സ്വന്തമല്ല.
COMMENTS