സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കേര...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാവായ കെസി വേണുഗോപാല്‍ നിയോഗിക്കപ്പെടുമെന്നു സൂചന.
എ ഐ സി സി ജനറല്‍ സെക്രട്ടറിയായ വേണുഗോപാലിനെ പാര്‍ട്ടി അദ്ധ്യക്ഷന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാന്‍ ഗാന്ധി കുടുംബത്തിന് താത്പര്യം ഏറെയാണ്. എന്നാല്‍, നേരത്തെ ജി 23 ഗ്രൂപ്പുമായി സഹകരിച്ചിരുന്ന മനീഷ് തിവാരിയെ ഖാര്‍ഗെയ്ക്കു താത്പര്യമുണ്ട്. പാര്‍ട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന വേളയില്‍ ജി 23 വിട്ട് തനിക്കൊപ്പം നിന്നു എന്ന കാരണത്താല്‍ ഖാര്‍ഗെക്കു തിവാരിയോടു പ്രത്യേക താത്പര്യമുണ്ട്.
എന്നാല്‍, അന്തിമ തീരുമാനം സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവരില്‍ നിന്നു തന്നെ വരുമെന്നാണ് ലഭിക്കുന്ന വിവരം. ഗാന്ധി കുടുംബത്തോട് അചഞ്ചലമായ കൂറു പുലര്‍ത്തുന്ന വേണുഗോപാലിനെ തന്നെ ആ സ്ഥാനത്തു പ്രതിഷ്ഠിക്കാനാണ് സാദ്ധ്യതയേറെ. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഇപ്പോള്‍ കെസി വേണുഗോപാല്‍.
ഇതേസമയം, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും ഏതാണ്ട് തീരുമാനമായിട്ടുണ്ട്. ഖാര്‍ഗെയുമായും ഗാന്ധി കുടുംബവുമായും ഒരേപോലെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് രമേശ്.
കേരളത്തില്‍ നിന്നുള്ള സീനിയര്‍ നേതാക്കളായ എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ആരോഗ്യപ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടുന്നതിനാല്‍, രമേശിനെ പോലെ സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നൊരു നേതാവിനെ പാര്‍ട്ടിക്ക് അത്യാവശ്യവുമാണ്.
നിലവില്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിംഗ് കമ്മറ്റി അദ്ധ്യക്ഷനാണ് ചെന്നിത്തല. ശശി തരൂര്‍, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും പ്രവര്‍ത്തക സമിതിയില്‍ എത്താനായി ആഗ്രഹിക്കുന്നവരും പരിശ്രമിക്കുന്നവരുമാണ്. ഇവര്‍ക്കു മുന്നില്‍ തന്നെയാണ് ഇപ്പോഴും രമേശിന്റെ സ്ഥാനം.
മാത്രമല്ല, ഈ മൂന്നു പേരെക്കാള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും താത്പര്യം രമേശ് ചെന്നിത്തലയോടാണ്. എന്‍ എസ് യു ദേശീയ അദ്ധ്യക്ഷനായിരുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന പാരമ്പര്യവും രമേശിനു മുതല്‍ക്കൂട്ടാവുന്നു.
COMMENTS