After Archbishop Thomas J. Neto was booked as the first accused for the violence in the Vizhinjam anti-port protest that took place the other day
തിരുവനന്തപുരം : കഴിഞ്ഞ ദിവസം നടന്ന വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിലെ അക്രമങ്ങളുടെ പേരില്‍ അര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെ വിഴിഞ്ഞത്ത് വീണ്ടും വന്‍ സംഘര്‍ഷം.
16 പൊലീസുകാര്‍ക്കും പ്രദേശത്തെ ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റതായാണ് വിവരം. അക്രമം രൂക്ഷമാവുകയും പ്രതിഷേധക്കാര്‍ ആംബുലന്‍സ് തടയുകയും ചെയ്തതോടെ പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയായി.
സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. അഞ്ച് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ക്കുകയും വാഹനത്തിലെ വയര്‍ലെസ് സെറ്റുകള്‍ നശിപ്പിക്കുകയും ചെയ്തു.
ഫ്‌ളക്‌സ് ബോര്‍ഡുകളിലെ പട്ടിക വലിച്ചൂരി പ്രതിഷേധക്കാര്‍ പൊലീസിനെ ആക്രമിക്കുകയും ചെയ്തു.
വിഴിഞ്ഞം, കരമന സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകളള്‍ അടിച്ചു തകര്‍ത്ത ശേഷം മറിച്ചിട്ടു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി നുനയ ചര്‍ച്ച നടത്തുകയാണ്. ഇതിനിടെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നു പൊലീസ് ബസിനു നേരിയും കല്ലേറുണ്ടായി.
ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പങ്കാളിയായ സെല്‍ട്ടന്‍ എന്ന വിഴിഞ്ഞം സ്വദേശിയെ ഇന്ന് വൈകുന്നേരം നാലു മണിയോടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അഞ്ചു പേര്‍ പൊലീസ് സ്റ്റേഷനിലെത്തി. ഇവര്‍ക്കെതിരേയും കേസുള്ളതിനാല്‍ ഇവരെയും പൊലീസ് തടഞ്ഞുവച്ചു.
അറസ്റ്റിലായവരെ വിടാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെ കൂടുതല്‍ പേരെ ഇവര്‍ വിളിച്ചുവരുത്തി. വന്നവര്‍ അക്രമത്തിലേക്കു തിരിയുകയായിരുന്നു.
പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അക്രമം കടുത്തതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അക്രമത്തിനിടെ മുഖത്ത് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നു കൂടുതല്‍ പൊലീസ് വിഴിഞ്ഞത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സായുധ പൊലീസിനെയും വിളിച്ചിട്ടുണ്ട്.
Summary: After Archbishop Thomas J. Neto was booked as the first accused for the violence in the Vizhinjam anti-port protest that took place the other day, there was a huge conflict in Vizhinjam again.
COMMENTS