Samasta Kerala Jam Iyat-ul-Ulama Secretary and prominent Islamic religious scholar AP Muhammad Musaliyar Kanthapuram (72) passed away
കോഴിക്കോട് : സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പ്രമുഖ ഇസ്ലാം മതപണ്ഡിതനുമായ എ പി മുഹമ്മദ് മുസലിയാര്‍ കാന്തപുരം (72) അന്തരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ ആറു മണിക്കായിരുന്നു അന്ത്യം. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ പ്രഥമ ശിഷ്യനാണ്.
രോഗ ബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജനാസ നിസ്്കാരം രാവിലെ ഒന്‍പതു മണിക്ക് മര്‍കസ് മസ്ജിദുല്‍ ഹാമിലിയിലും വൈകുന്നേരം നാലു മണിക്ക് കരുവമ്പൊയില്‍ ജുമാ മസ്ജിദിലും നടത്തും.
1950 ല്‍ പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിഷയുടെയും മകനായി കൊടുവള്ളിക്കടുത്തുള്ള കരുവന്പൊയിലിലായിരുന്നു ജനനം.
കാന്തപുരം, മാങ്ങാട്, കോളിക്കല്‍ തുടങ്ങിയ ദര്‍സുകളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ കീഴിലെ ദീര്‍ഘ കാല പഠനത്തിനു ശേഷം തമിഴ്നാട് വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നു ബാഖവി ബിരുദം നേടി.
കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ കീഴില്‍ 1975 ല്‍ കാന്തപുരം അസീസിയ്യ അറബിക് കോളജ് വൈസ് പ്രിന്‍സിപ്പാളായിട്ടായിരുന്നു അധ്യാപന തുടക്കം.
ഇരുപത് വര്‍ഷമായി മര്‍കസില്‍ പ്രധാന അധ്യാപകനും വൈസ് പ്രിന്‍സിപ്പലുമായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയുമാണ്.
മക്കള്‍: അബ്ദുല്ല റഫീഖ്, അന്‍വര്‍ സ്വാദിഖ് സഖാഫി (ഡയറക്റാര്‍, അല്‍ ഖമര്‍), അന്‍സാര്‍, മുനീര്‍, ആരിഫ, തശ്രീഫ. മരുമക്കള്‍: ഇ.കെ. ഖാസിം അഹ്സനി, അബ്ദുല്‍ ജബ്ബാര്‍, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.
ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് വന്‍ സേവനങ്ങള്‍ നല്കിയ പണ്ഡിതനെയാണ് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Summary: Samasta Kerala Jam Iyat-ul-Ulama Secretary and prominent Islamic religious scholar AP Muhammad Musaliyar Kanthapuram (72) passed away.
COMMENTS