സ്വന്തം ലേഖകന്‍ കൊച്ചി : എല്‍ദോസ് കുന്നപ്പള്ളില്‍ എം എല്‍ എ ഒളിവില്‍ പോയതായി സംശയം. അദ്ദേഹത്തിന്റെ ഫോണുകള്‍ സ്വിച് ഓഫാണ്. ഇതിനിടെ എം എല്‍ എയ...
സ്വന്തം ലേഖകന്‍
കൊച്ചി : എല്‍ദോസ് കുന്നപ്പള്ളില്‍ എം എല്‍ എ ഒളിവില്‍ പോയതായി സംശയം. അദ്ദേഹത്തിന്റെ ഫോണുകള്‍ സ്വിച് ഓഫാണ്. ഇതിനിടെ എം എല്‍ എയ്ക്കു വേണ്ടി മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു.
എല്‍ദോസ് ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ചയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കുക. എല്‍ദോസിന്റെ പി എ നിഖിലിന്റെ ഫോണും സ്വിച്ച് ഓഫാണ്.
കോവളം സ്വദേശിയായ യുവതി എം എല്‍ എയ്‌ക്കെതിരേ കേസ് ഫയല്‍ ചെയ്യുകയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയു ചെയ്തതിനു പിന്നാലെയാണ് അദ്ദേഹം ഒളിവില്‍ പോയതായി സംശയം ഉയര്‍ന്നിരിക്കുന്നത്.
ആരോപണമുന്നയിച്ച അദ്ധ്യാപിക എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്നു കാട്ടി അദ്ദേത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്കി. എറണാകുളം കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലാണ് എംഎല്‍എയുടെ ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. എംഎല്‍എയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് യുവതി ദുരുപയോഗം ചെയ്തെന്നും പരാതിയിലുണ്ട്.
ഒരു സ്റ്റാഫ് വഴിയാണ് എല്‍ദോസിന്റെ ഭാര്യ പരാതി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എല്‍ദോസിന്റെ ഭാര്യയുടെ മൊഴിയെടുക്കാന്‍ പൊലീസ് നീക്കമാരംഭിച്ചിട്ടുണ്ട്. ഈ പരാതിയില്‍ ഇതുവരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
തന്നെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചെന്നായിരുന്നു എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ യുവതി നല്കിയ പരാതി. ആദ്യം യുവതിയുടെ പരാതിയില്‍ കേസെടുക്കാതെ ഉരുണ്ടുകളിച്ച പൊലീസ്, സംഗതി വലിയ വാര്‍ത്തയായതോടെ കേസെടുക്കുകയായിരുന്നു.
സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുപ്രകാരം എല്‍ദോസിനെതിരേ കോവളം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് എം എല്‍ എയുടെ ഫോണ്‍ സ്വിച്ച് ഓഫായതും അദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കാതായതും.
എല്‍ദോസിന്റെ രണ്ട് ഫോണുകളും ഇപ്പോള്‍ സ്വിച്ച് ഓഫാണ്. പെരുമ്പാവൂരിലെ ഓഫീസിലും വീട്ടിലും എല്‍ദോസ് എത്തിയിട്ടില്ല. നാലു ദിവസമായി സ്വകാര്യ ചടങ്ങുകളിലോ പൊതുപരിപാടികളിലോ എല്‍ദോസ് പങ്കെടുക്കുന്നുമില്ല.
ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തു. എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും തെറ്റുകാരനാണെന്നു വ്യക്തമായാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
സ്ത്രീകളെ ആക്രമിക്കുക കോണ്‍ഗ്രസ് രീതിയല്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എല്‍ദോസുമായി പത്തു വര്‍ഷത്തെ ബന്ധമുണ്ടെന്നും മോശം വ്യക്തിയാണെന്നു മനസ്സിലാക്കി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതോടെ ഭീഷണിപ്പെടുത്തിയെന്നും ഇന്നു യുവതി മാധ്യമങ്ങളോടു പറഞ്ഞു.
മര്‍ദ്ദനവും ഭീഷണിയും സഹിക്കാനാവാതെ വന്നപ്പോള്‍ വനിതാ സെല്ലില്‍ പരാതി നല്‍കിയെങ്കിലും എംഎല്‍എക്കെതിരെയായതിനാല്‍ കമ്മിഷനെ സമീപിക്കാനായിരുന്നു മറുപടിയെന്നും യുവതി പറഞ്ഞു.
Summary: It is suspected that the MLA Eldos Kunnapallil went into hiding. His phones are switched off. Meanwhile, an anticipatory bail petition was also filed on behalf of the MLA.
COMMENTS