In an unusual move, Governor Arif Mohammad Khan issued an order expelling 15 senate members of Kerala University
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : അസാധാരണ നീക്കത്തിലൂടെ കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിക്കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി.
കഴിഞ്ഞ ദിവസത്തെ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത ഈ 15 പേരെ ഗവര്‍ണര്‍ അയോഗ്യരാക്കിയിരുന്നു. ഈ നടപടി സര്‍ക്കാരും സര്‍വകലാശാലയും മുഖവിലയ്ക്ക് എടുക്കാതെ വന്നതോടെയാണ് അസാധാരണ നീക്കത്തിലേക്കു ഗവര്‍ണര്‍ കടന്നിരിക്കുന്നത്.
ഇവരെ അയോഗ്യരാക്കിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം പാലിക്കേണ്ടെന്ന് വി സി ക്ക് രാഷ്ട്രീയ നിര്‍ദ്ദേശം കിട്ടിയിരുന്നു.
ഇന്നു തന്നെ ഉത്തരവിറക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം മുഖവിലക്കെടുക്കാതെ വി സി ശബരിമല ദര്‍ശനത്തിനു പോയി. ഇതോടെ, വി സി സ്ഥലത്തില്ലാത്തതിനാല്‍ നടപടി എടുക്കാനാവില്ലെന്നു രാജ്ഭവനെ സര്‍വകലാശാലാ രജിസ്ട്രാര്‍ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് ക്ഷുഭിതനായ ഗവര്‍ണര്‍ അസാധാരണ നീക്കത്തിലൂടെ 15 സെനറ്റ് അംഗങ്ങളെയും പുറത്താക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ വിസിയെ കണ്ടെത്തുന്നതിനുള്ള സെര്‍ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസത്തിനു പിന്നാലെ ചേര്‍ന്ന സെനറ്റ് യോഗത്തില്‍നിന്ന് ഇടത് അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനില്‍ക്കുകയായിരുന്നു.
തുടര്‍ന്ന് ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതോടെവിട്ടുനിന്ന അംഗങ്ങളുടെ പേരുകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ തേടി.
ഈ പട്ടിക ലഭിച്ചതോടെയാണ് ആ അംഗങ്ങളെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നടപടിയെടുത്തത്. അംഗങ്ങളെ പിന്‍വലിക്കാനുള്ള അധികാരം അത്യപൂര്‍വമായി മാത്രമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കൈക്കൊള്ളുക. യോഗത്തിനെത്താത്ത 11 സെനറ്റ് അംഗങ്ങളെയും നാലു വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയിരിക്കുന്നത്.
Summary: In an unusual move, Governor Arif Mohammad Khan issued an order expelling 15 senate members of Kerala University.
COMMENTS