സ്വന്തം ലേഖകര്‍ തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പലേടത്തും അക്രമം. ഏറ്റവം കൂടുതല്‍ അക്രമമുണ്ടായത് കെ എസ് ആര്‍ ...
സ്വന്തം ലേഖകര്‍
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പലേടത്തും അക്രമം. ഏറ്റവം കൂടുതല്‍ അക്രമമുണ്ടായത് കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്കു നേരേയാണ്.
കൊല്ലത്ത് പള്ളിമുക്കില്‍ യാത്രക്കാരെ അസഭ്യം പറഞ്ഞ സമരക്കാരെ തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവരെ ബൈക്കിടിച്ചു വീഴ്ത്തി. പരുക്കേറ്റ ഇവര്‍ ചികിത്സയിലാണ്.
തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് മഞ്ഞമലയില്‍ 15 പേരടങ്ങുന്ന ഹര്‍ത്താല്‍ അനുകൂല സംഘം കടകള്‍ അടിച്ചുതകര്‍ത്തു. പല സ്ഥാപനങ്ങള്‍ക്കും വന്‍ നഷ്ടമുണ്ടായിട്ടുണ്ട്.
രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി. സംസ്ഥാനമെമ്പാടും അതീവ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
തിരുവനന്തപുരത്തു തന്നെ ബാലരാമപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിച്ചു. ഇവിടെയും സംഘര്‍ഷമുണ്ട്. കിഴക്കേക്കോട്ടയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ കയറി വാഹനങ്ങള്‍ പുറത്തേയ്ക്കിറങ്ങുന്നതു തടഞ്ഞു.
പത്തനംതിട്ട ജില്ലയില്‍ പന്തളത്ത് പന്തളം-പെരുമണ്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ചില്ലു തറച്ച് ഡ്രൈവര്‍ പി. രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു.
ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. ഇവിടെ രണ്ടു ലോറികളുടെയും ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്.
* എറണാകുളം ജില്ലയില്‍ ആലുവയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി.
* പാലക്കാട് ജില്ലയില്‍ കുളപ്പുള്ളി ലക്കിടി മംഗലത്ത് സംസ്ഥാന പാതയില്‍ ലോറിക്ക് നേരെ കല്ലെറുണ്ടായി.
* കോഴിക്കോട്ട് കല്ലായിയിലും ടൗണിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
* കോഴിക്കോട് കെ എസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്‍പില്‍ ബൈക്കില്‍ എത്തിയ സംഘം ബാംഗ്‌ളൂര്‍ ബസിനു കല്ലെറിഞ്ഞു.
മിക്കയിടത്തും അക്രമികള്‍ ബൈക്കിലെത്തി പെട്ടെന്നു കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടുകയാണ്. ഇതുകൊണ്ടു തന്നെ പൊലീസിന് ഇവരെ പിടികൂടാന്‍ കഴിയുന്നില്ല.
എന്‍ ഐ എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറും നടത്തിയ റെയ്ഡില്‍ നേതാക്കളെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
COMMENTS