The Supreme Court has granted bail to Siddique Kappan, a Malayali journalist who has been in jail for almost two years in Uttar Pradesh
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ രണ്ട് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഉപാധികളുടെ കടമ്പകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ മറ്റൊരു കേസുമുള്ളതിനാല്‍ കാപ്പന് ഉടന്‍ ജയില്‍ മോചിതനാവാന്‍ കഴിയില്ല.
എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് കാപ്പന്‍ നേരിടുന്ന രണ്ടാമത്തെ കേസ്. ഈ കേസിലും ജാമ്യത്തിന് അപേക്ഷിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.
19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേയാണ് കാപ്പന്‍ അറസ്റ്റിലായത്. തീവ്രവാദത്തിന് ഫണ്ടിംഗ് നല്‍കിയെന്നാരോപിച്ച് യുഎപിഎ) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അടുത്ത ആറാഴ്ച ഡല്‍ഹിയില്‍ തങ്ങി അന്വേഷണവുമായി സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് ജാമ്യ ഉത്തരവില്‍ വ്യക്തമാക്കി. അതിനുശേഷം കേരളത്തിലും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. മൂന്നു ദിവസത്തിനകം കാപ്പനെ വിചാരണക്കോടതിയില്‍ ഹാജരാക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. കാപ്പന്റെ പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം.
അഴിമുഖം എന്ന മലയാളം ന്യൂസ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടറായ സിദ്ദിഖ് കാപ്പനെ ഹത്രാസില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, തന്നെ മനപ്പൂര്‍വം കേസില്‍ കുടുക്കുകയായിരുന്നുവെന്നു കാപ്പന്‍ പറഞ്ഞിരുന്നു.
കാപ്പന് കലാപമുണ്ടാക്കാന്‍ പണം കിട്ടിയെന്നും അദ്ദേഹം ഒരു അംഗീകൃത പത്രപ്രവര്‍ത്തകന്‍ പോലുമല്ലെന്നും ഇന്ന് കോടതിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിച്ചു. കലാപം സൃഷ്ടിക്കാനും സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാനുമാണ് ഇയാള്‍ ശ്രമിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ ഒരു ഭീകരസംഘടനയാണ്. അതിലെ അംഗമാണ് കാപ്പനെന്നും യുപി സര്‍ക്കാരിന്റെ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി പറഞ്ഞു.
എന്നാല്‍, കാപ്പന്റെ പക്കല്‍ നിന്ന് എന്താണ് കണ്ടെത്തിയതെന്നു കോടതി ചോദിച്ചു. സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. കാറില്‍ നിന്ന് ഒന്നും കിട്ടിയിട്ടില്ല. രാജ്യവിരുദ്ധ പ്രചാരണത്തിന് ശ്രമിച്ചതിനും തെളിവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കാപ്പനു വേണ്ടി ഹാജരായത്. 2021ല്‍ സമര്‍പ്പിച്ച 5,000 പേജുള്ള കുറ്റപത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് യുപി സര്‍ക്കാര്‍ വാദിച്ചത്.
'മതപരമായ ഭിന്നതയുണ്ടാക്കാനും ഭീകരത പടര്‍ത്താനുമുള്ള വലിയൊരു ഗൂഢാലോചന സംഘത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് കാപ്പനെന്നു യു പി സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
''എന്റെ ഭര്‍ത്താവ് നിരപരാധിയാണെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. 705 ദിവസങ്ങള്‍ കുടുംബത്തിന് അങ്ങേയറ്റം വേദനാജനകമായിരുന്നു,'' കാപ്പന്റെ ഭാര്യ റൈഹാന കാപ്പന്‍ പറഞ്ഞു.
അടുത്തിടെ, ഒരു സ്‌കൂള്‍ ചടങ്ങില്‍ 'സാധാരണ പൗരന്മാരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും' കുറിച്ച് സംസാരിക്കുന്ന കാപ്പന്റെ ഒമ്പത് വയസ്സുള്ള മകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Summary: The Supreme Court has granted bail to Siddique Kappan, a Malayali journalist who has been in jail for almost two years in Uttar Pradesh. But Capan may not be released from jail soon because of the condition restrictions and another case filed by the Enforcement Directorate.
COMMENTS