വാഷിംഗ്ടണില്‍ നിന്ന് എം രാഖി അമേരിക്കയും നാറ്റോ രാജ്യങ്ങളും ഒരുക്കിയ കെണിയില്‍ പെട്ട് റഷ്യന്‍ സേന ഉക്രെയിനില്‍ കനത്ത തിരിച്ചടി നേരിടുന്നതായി...
ഉക്രേനിയന്‍ സേനയുടെ അപ്രതീക്ഷിത മുന്നേറ്റത്തെത്തുടര്‍ന്ന് ശനിയാഴ്ച വടക്കുകിഴക്കന്‍ ഉക്രെയ്‌നില്‍ ഖാര്‍കീവിലെ ഇസിയം പ്രവിശ്യ വിട്ട് റഷ്യന്‍ സേന പിന്തിരിഞ്ഞോടുകയാണ്. ഈ മേഖലയിലെ തന്ത്രപ്രധാന കേന്ദ്രമാണ് ഇസിയം.
മാര്‍ച്ചില്‍ തലസ്ഥാനമായ കീവില്‍ നിന്ന് സൈനികരെ പിന്‍വലിച്ചതിന് ശേഷം മോസ്‌കോയുടെ ഏറ്റവും കനത്ത പരാജയമാണ് ഖാര്‍കിവ് പ്രവിശ്യയിലെ ഇസിയത്തിന്റെ പെട്ടെന്നുള്ള പതനം.
ആറു മാസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇത് നിര്‍ണായക വഴിത്തിരിവായി മാറിയേക്കാം. ആയിരക്കണക്കിന് റഷ്യന്‍ സൈനികര്‍ വെടിക്കോപ്പുകളും ഉപകരണങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
റഷ്യന്‍ സൈന്യത്തിന്റെ പ്രധാന ലോജിസ്റ്റിക്‌സ് ബേസായിരുന്നു ഇസിയം. ഡോനെറ്റ്‌സ്‌കും ലുഹാന്‍സ്‌കും അടങ്ങുന്ന തൊട്ടടുത്തുള്ള ഡോണ്‍ബാസ് മേഖലയില്‍ വേണ്ടുന്ന ആയുധങ്ങളും മറ്റും എത്തിച്ചുകൊടുത്തിരുന്നതും ഇസിയത്തില്‍ നിന്നായിരുന്നു.
ഇസിയത്തില്‍ നിന്നു സൈന്യത്തോട് പിന്മാറാനും ഡൊനെറ്റ്സ്‌കിലും മറ്റും ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശം നല്കിയെന്നുമാണ് റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തത്. ഇതു മുഖം രക്ഷിക്കല്‍ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
'ജീവന്‍ രക്ഷിക്കാന്‍' പ്രവിശ്യയില്‍ നിന്ന് ഒഴിഞ്ഞുമാറാനും റഷ്യയിലേക്ക് പലായനം ചെയ്യാനും താമസക്കാരോട് ഖാര്‍കിവിലെ റഷ്യ നിയോഗിച്ച ഭരണത്തലവന്‍ പറഞ്ഞതായി ടാസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ അധീനതയിലുള്ള പ്രദേശം വിട്ടുപോകുന്നവരുടെ കാറുകളുടെ നീണ്ട നിരയും ട്രാഫിക് ജാമും കാണാമായിരുന്നു.
റഷ്യന്‍ സേന പിന്തിരിഞ്ഞോടുന്ന വിവരം ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും സ്ഥിരീകരിച്ചു. ഈ മാസം ആദ്യം റഷ്യയ്ക്കെതിരായ പ്രത്യാക്രമണം ആരംഭിച്ചതിനുശേഷം ഉക്രെയ്നിന്റെ സായുധ സേന ഏകദേശം 2,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മോചിപ്പിച്ചതായി സെലന്‍സ്‌കി പറഞ്ഞു.
സെലെന്‍സ്‌കിയുടെ ചീഫ് ഒഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക് ഇസിയത്തിന്റെ പ്രാന്തപ്രദേശത്ത് സൈനികരുടെ ചിത്രം ഫേസ് ബുക്കില്‍ ചെയ്യുകയും മുന്തിരിപ്പഴത്തിന്റെ ഒരു ഇമോജി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇസിയം എന്ന വാക്കിന്റെ പേരിന്റെ അര്‍ത്ഥം 'ഉണക്കമുന്തിരി' എന്നാണ്.
'റഷ്യന്‍ സൈന്യം ലോകത്തിലെ ഏറ്റവും വേഗതയേറിയ സൈന്യം എന്ന പദവി അവകാശപ്പെടുന്നു. അത്ര വേഗത്തിലാണ് അവര്‍ ഓടുന്നത്!' യെര്‍മാക് പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
വടക്കുകിഴക്കന്‍ ഉക്രെയിനിലുടനീളം റഷ്യയുടെ മുന്‍നിര മുഴുവന്‍ വിതരണം ചെയ്യുന്ന ഏക റെയില്‍വേ ഹബ്ബായ കുപിയാന്‍സ്‌ക് നഗരം ഉക്രേനിയന്‍ സൈന്യം പിടിച്ചെടുത്തതോടെയാണ് റഷ്യന്‍ സേനയ്ക്ക് അടിപതറിയത്. കുപിയാന്‍സ്‌കിന്റെ സിറ്റി ഹാളിന് മുന്നില്‍ സൈനികര്‍ രാജ്യത്തിന്റെ പതാക ഉയര്‍ത്തുന്നതിന്റെ ഫോട്ടോകള്‍ ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച രാവിലെ പോസ്റ്റ് ചെയ്തിരുന്നു.
തുടരെ തിരിച്ചടികളുണ്ടായാല്‍ മുഖം രക്ഷിക്കാനായി പുടിന്‍ ആണവായുധം ഉപയോഗിച്ചേക്കുമോ എന്ന ആശങ്ക ശക്തമാവാന്‍ തുടങ്ങിയിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ ആണവായുധങ്ങള്‍ സജ്ജമാക്കി വയ്ക്കാന്‍ സൈന്യത്തോടു പരസ്യമായി തന്നെ പുടിന്‍ ആവശ്യപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവുമധികം ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യവും റഷ്യയാണ്. അമേരിക്ക ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്.
ഉക്രെയിനിലെ തന്റെ തന്ത്രം പരാജയപ്പെടുകയാണെന്ന് പുടിന് തോന്നിത്തുടങ്ങിയിട്ട് നാളേറെയായി. ഒരു തോല്‍വി ഒഴിവാക്കുന്നതിനോ മുഖം രക്ഷിക്കുന്നതിനോ 'ഗെയിം ചേഞ്ചര്‍' ആയി തന്ത്രപരമായ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്നതാണ് ഇപ്പോഴത്തെ ആശങ്ക.
വാഷിംഗ്ടണ്‍ ഡിസി യിലെ കാര്‍നെഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പേസിലെ ആണവ വിദഗ്ദ്ധനായ ജെയിംസ് ആക്ടണ്‍ പറയുന്നു: ഏറ്റവും മോശം സാഹചര്യത്തില്‍ പുടിന്‍ ഒരു ആണവായുധം ഉപയോഗിച്ചേക്കുമെന്ന് ഞാന്‍ ആശങ്കാകുലനാണ്. എല്ലാവരേയും ഭയപ്പെടുത്താനും തന്റെ ജയം ഉറപ്പിക്കാനും പുടിന്‍ അതു ചെയ്തുകൂടാതെയില്ല. യുദ്ധം ഇപ്പോഴും ആ ഘട്ടത്തിലെത്തിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം.
അയല്‍ രാജ്യമെന്ന നിലയില്‍ യുക്രെയിനില്‍ ആണവായുധം പ്രയോഗിച്ചാല്‍ അതിന്റെ ദൂഷ്യ ഫലങ്ങള്‍ റഷ്യയേയും ബാധിച്ചേക്കാമെന്നതിനാല്‍ പുടിന്‍ അത്തരമൊരു സഹാസത്തിനു മുതിരാന്‍ ഇടയില്ലെന്നാണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ ആണവ വിദഗ്ദ്ധന്‍ ഡോ. ഹെതര്‍ വില്യംസ് പറയുന്നത്.Summary: It is reported that the Russian forces are facing heavy setbacks in Ukraine due to the trap prepared by the United States and NATO countries. Military analysts are warning that things are going very badly for Russia and that Russian President Vladimir Putin may use nuclear weapons to save face.
COMMENTS