India won the second Twenty20 by six wickets after crushing Australia. With this, the series of three matches was tied. The third match was crucial
നാഗ് പുര്‍: തകര്‍ത്തടിച്ച് ഓസ്‌ട്രേലിയയെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ രണ്ടാം ട്വന്റി 20യില്‍ ആറു വിക്കറ്റിനു ജയിച്ചു. ഓസ്‌ട്രേലിയ കുറിച്ച എട്ട് ഓവറില്‍ 91 എന്ന വിജയലക്ഷ്യം നാലു പന്ത് ബാക്കിയാക്കിയാണ് ഇന്ത്യ ജയിച്ചത്.
ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര തുല്യ നിലയിലായി. മൂന്നാം മത്സരം നിര്‍ണായകവുമായി. മഴ നിമിത്തം ഔട്ട്ഫീല്‍ഡ് നനഞ്ഞതിനാല്‍ മത്സരം എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു.
സ്റ്റൈലായി മുന്നില്‍ നിന്നു നയിച്ച ക്യാപ്ടന്‍ രോഹിത് ശര്‍മയാണ് ജയം ഉറപ്പാക്കിയത്. 20 പന്തില്‍ നാലു സിക്‌സും നാലു ഫോറും അടക്കം 46 റണ്‍സാണ് രോഹിത് നേടിയത്.
നേരിട്ട രണ്ടു പന്തില്‍ ആദ്യത്തേത് ഫോറും രണ്ടാമത്തേത് സിക്‌സറും പറത്തി ഫിനിഷര്‍ ദിനേശ് കാര്‍ത്തിക് മനോഹരമായി കളി അവസാനിപ്പിക്കുകയും ചെയ്തു.
കെ എല്‍ രാഹുല്‍ (10), വിരാട് കോലി (11), സൂര്യകുമാര്‍ യാദവ് (0), ഹര്‍ദിക് പാണ്ഡ്യ (9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.
ടോസ് നേടിയ ഇന്ത്യ സന്ദര്‍ശകരെ ബാറ്റിംഗിനു വിടുകയായിരുന്നു. ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തു. മാത്യു വെയ്ഡ് (20 പന്തുകളില്‍ 43), ആരോണ്‍ ഫിഞ്ച് (31) എന്നിവരാണ് ഓസ്‌ട്രേലിയയ്ക്ക് വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ രണ്ട് ഓവറില്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ 10 റണ്‍സെടുത്ത് ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം ലഭിച്ചു. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ കാമറൂണ്‍ ഗ്രീനിനെ വിരാട് കോലി കൈവിട്ടു. പക്ഷേ, കോലി പിഴ മൂളിക്കൊണ്ട് ഗ്രീനിനെ റണ്ണൗട്ടാക്കി. അഞ്ച് റണ്‍സെടുത്താണ് ഗ്രീന്‍ മടങ്ങിയത്. ഓവറിലെ അവസാന പന്തില്‍ മാക്‌സ് വെല്‍ (0) ക്ലീന്‍ ബൗള്‍ഡായി.
യുസ്വേന്ദ്ര ചഹല്‍ എറിഞ്ഞ മൂന്നാം ഓവറിലെ ഫിഞ്ചിന്റെ ഒരു സിക്‌സര്‍ അടക്കം പിറന്നത് 12 റണ്‍സായിരുന്നു. നാലാം ഓവറിലെ ആദ്യ പന്തില്‍ അക്‌സര്‍ പട്ടേല്‍ ടിം ഡേവിഡിന്റെ (2) കുറ്റി തെറിപ്പിച്ചു. ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഉറച്ചുനിന്ന ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അഞ്ചാം ഓവറിലെ അവസാന പന്തിലാണ് വീണത്. 15 പന്തില്‍ 31 റണ്‍സെടുത്തായിരുന്നു മടക്കം.
അഞ്ചാം നമ്പറിലെത്തിയ മാത്യു വെയ്ഡ് ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്നു സിക്‌സര്‍ ഉള്‍പ്പെടെ 20 പന്തില്‍ 43 റണ്‍സാണ് അടിച്ചുകൂട്ടിയത്.
Summary: India won the second Twenty20 by six wickets after crushing Australia. With this, the series of three matches was tied. The third match was crucial.
COMMENTS