Sri Lanka temporarily stopped Chinese spy ship Yuan Wang 5 from reaching Hambantota port due to India's strong opposition
അഭിനന്ദ്
ന്യൂഡല്‍ഹി : ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 ഹമ്പന്‍തോട്ട തുറമുഖത്ത് എത്തുന്നത് തത്കാലത്തേയ്ക്കു ശ്രീലങ്ക തടഞ്ഞു.
ഇന്ധനം നിറയ്ക്കാനെന്ന വ്യാജേന എത്തുന്ന കപ്പലിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെക്കുറിച്ച് ലങ്കയോട് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കപ്പലിന്റെ വരവ് മാറ്റിവയ്ക്കാന്‍ ചൈനയോട് ശ്രീലങ്ക ആവശ്യപ്പെടുകയായിരുന്നു.
യുവാന്‍ വാങ് 5 ഇരട്ട-ഉപയോഗ ചാരക്കപ്പലാണ്. ബഹിരാകാശ, ഉപഗ്രഹ ട്രാക്കിംഗിനും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങളില്‍ സഹായിക്കുന്നതിനും കപ്പല്‍ ചൈന ഉപയോഗിക്കുന്നു.
2007 സെപ്തംബര്‍ 29-ന് നീറ്റിലിറക്കിയ യുവാന്‍ വാങ് സീരീസിന്റെ മൂന്നാം തലമുറ ട്രാക്കിംഗ് കപ്പലാണിത്. ചൈനയുടെ 708 റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കപ്പല്‍ രൂപകല്പന ചെയ്തത്.
മിസൈലുകളുടേയും റോക്കറ്റുകളുടേയും വിക്ഷേപണത്തിനും ട്രാക്കിംഗിനും പിന്തുണയ്ക്കുന്നതിനുള്ള മികച്ച ആന്റിനകളും ഇലക്ട്രോണിക് ഉപകരണങ്ങളുമുള്ള അത്യാധുനിക മിസൈല്‍ റേഞ്ച് ഇന്‍സ്ട്രുമെന്റേഷന്‍ കപ്പലാണിത്.
ഓഗസ്റ്റ് 11 ന് ഹമ്പന്‍തോട്ട തുറമുഖത്ത് വന്ന് ഓഗസ്റ്റ് 17 വരെ അവിടെ തങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. ശ്രീലങ്കയ്ക്കു ലോണ്‍ കൊടുത്ത് പണിത് ലോണ്‍ മുടങ്ങിയപ്പോള്‍ ചൈന 99 വര്‍ഷത്തെ പാട്ടത്തിനെടുത്ത തുറമുഖമാണ് ഹമ്പന്‍തോട്ട.
ഹമ്പന്‍തോട്ടയില്‍ നങ്കൂരമിട്ട ശേഷം സ്പേസ് ട്രാക്കിംഗ്, സാറ്റലൈറ്റ് ഓപ്പറേഷന്‍ മോണിറ്ററിംഗ് തുടങ്ങിയ മറ്റ് ഗവേഷണങ്ങള്‍ക്കായി യുവാന്‍ വാങ് 5 ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീങ്ങാനായിരുന്നു പദ്ധതി. കൂടുതല്‍ കൂടിയാലോചനകള്‍ നടക്കുന്നതുവരെ കപ്പലിന്റെ വരവ് മാറ്റിവയ്ക്കാന്‍ ചൈനയോട് ലങ്ക ആവശ്യപ്പെടുകയായിരുന്നു.
ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം കൊളംബോയിലെ ചൈനീസ് എംബസിക്ക് ഇതുസംബന്ധിച്ച സന്ദേശം കൈമാറുകയായിരുന്നു. ശ്രീലങ്കയുടെ നീക്കത്തെ ഇന്ത്യ സ്വാഗതം ചെയ്തു. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ചൈന മാനിക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രദേശത്തേക്ക് വീക്ഷണത്തിന് ഹൈടെക് ഔട്ട്‌ഡ്രോപ്പിംഗ് ഉപകരണങ്ങള്‍ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ അനുമാനം.
കിഴക്കന്‍ തീരത്തെ ഇന്ത്യന്‍ നാവിക താവളങ്ങളും ചന്ദിപൂരിലെ ഐഎസ്ആര്‍ഒ വിക്ഷേപണ കേന്ദ്രവുമെല്ലാം ചൈനീസ് കപ്പല്‍ ഉന്നമിടുന്നുണ്ട്. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ലങ്കന്‍ തുറമുഖങ്ങള്‍ ചൈനീസ് നാവിക താവളങ്ങളാക്കാന്‍ ചൈന കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
ഇന്ത്യയുടെ നീക്കം ചൈന പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ശ്രീലങ്കയെ സമ്മര്‍ദ്ദത്തിലാക്കി കപ്പലിനെ ഹമ്പന്‍തോട്ടയില്‍ എത്തിക്കാമെന്നായിരുന്നു ചൈനീസ് കണക്കുകൂട്ടല്‍. എന്നാല്‍, കടക്കെണിയിലാക്കി കൈമലര്‍ത്തിയ ചൈനയെക്കാള്‍ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച ഇന്ത്യയെയാണ് ആശ്രയിക്കേണ്ടതെന്നു ലങ്ക തിരിച്ചറിയുന്നുണ്ട്. പക്ഷേ, കടുത്ത ചൈനീസ് സമ്മര്‍ദ്ദം ശ്രീലങ്ക അതിജീവിക്കുമോ എന്നു കണ്ടറിയേണ്ടതുണ്ട്.
Summary: Sri Lanka temporarily stopped Chinese spy ship Yuan Wang 5 from reaching Hambantota port due to India's strong opposition.
COMMENTS