അഭിനന്ദ് ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75 സുവര്‍ണ വര്‍ഷങ്ങള്‍ ഇന്ത്യ ആഘോഷിക്കുന്നു. രാജ്യമെമ്പാടും ത്രിവര്‍ണത്തില്‍ മുങ്ങിയിരിക്കുകയാണ്. ...
അഭിനന്ദ്
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75 സുവര്‍ണ വര്‍ഷങ്ങള്‍ ഇന്ത്യ ആഘോഷിക്കുന്നു. രാജ്യമെമ്പാടും ത്രിവര്‍ണത്തില്‍ മുങ്ങിയിരിക്കുകയാണ്. രാജ്യത്തിനു പുറത്തും പ്രവാസി സമൂഹം സുവര്‍ണ നിമിഷങ്ങളുടെ ധന്യസ്മരണകളിലാണ്.
ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കു തുടക്കമിട്ടു.
2047 ആകുന്നതോടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അഞ്ച് പ്രതിജ്ഞകളുമായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു ഇക്കാര്യം അടിവരയിട്ട് പറഞ്ഞിരുന്നു.
2047-ലെ അഞ്ച് പ്രതിജ്ഞകള്‍ ഇവയാണ്: ഇന്ത്യയെ വികസിപ്പിച്ചെടുക്കുക, അടിമത്വത്തിന്റെ അടയാളങ്ങള്‍ നീക്കം ചെയ്യുക, പൈതൃകത്തിലുള്ള അഭിമാനം, ഐക്യം, നമ്മുടെ കടമകള്‍ നിറവേറ്റുക.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയ ഗാന്ധിജി, നേതാജി സുഭാസ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കര്‍, വീര്‍ സവര്‍ക്കര്‍ എന്നിവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നുവെന്നു മോഡി മോദി പറഞ്ഞു.
മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി രാജ് ഘട്ട് സന്ദര്‍ശിച്ചതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ചെങ്കോട്ടയിലെത്തിയ അദ്ദേഹം ഇന്റര്‍ സര്‍വീസ്, പൊലീസ് ഗാര്‍ഡ് ഒഫ് ഓണര്‍ എന്നിവ പരിശോധിച്ച് ദേശീയ പതാക ഉയര്‍ത്തി.
2021 മാര്‍ച്ചില്‍ ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവ് എന്ന മഹോത്സവത്തിനും ഇന്നു തിരശ്ശീല വീഴും. രാജ്യത്തുടനീളം ദേശീയ സ്മാരകങ്ങളും പ്രധാന കെട്ടിടങ്ങളും പ്രകാശപൂരിതമാണ്.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മിഷന്‍ 'അമൃതാരോഹണം' എന്ന പേരില്‍ ഇന്ന് ഒരേസമയം 75 കൊടുമുടികള്‍ താണ്ടുകയും ആ 75 കൊടുമുടികള്‍ക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തത് അപൂര്‍വതയായി.
ആദ്യമായാണ് മൂന്ന് ദിവസത്തേക്ക് ആളുകള്‍ക്ക് വീടുകളില്‍ പതാക ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 'ഹര്‍ ഘര്‍ തിരംഗ' പദ്ധതിക്കായി പതാക നിയമങ്ങള്‍ തിരുത്തുകയായിരുന്നു.
ആചാരപരമായ 21-ഗണ്‍ സല്യൂട്ട് എന്ന ചടങ്ങില്‍ ആദ്യമായി തദ്ദേശീയമായി നിര്‍മ്മിച്ച ഹോവിറ്റ്‌സര്‍ തോക്കുകള്‍ ഉപയോഗിച്ചു. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം (എടിഎജിഎസ്) മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയം കൂടിയാണ്.
രാജ്യതലസ്ഥാനത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതിനായിരത്തിലധികം ഉദ്യോഗസ്ഥരെയാണ് ചെങ്കോട്ടയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. എന്‍ട്രി പോയിന്റില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 7,000 ക്ഷണിതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കുന്നു.
COMMENTS