Shocking the BJP, Bihar Chief Minister Nitish Kumar, who resigned from the NDA alliance, will be sworn in tomorrow at 2 pm
അഭിനന്ദ്
ന്യൂഡല്‍ഹി : ബിജെപിയെ ഞെട്ടിച്ചുകൊണ്ട്, എന്‍ ഡി എ സഖ്യം വിട്ടു രാജിവച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും.
'ഏഴ് പാര്‍ട്ടികളുടെ മഹാഗഡ്ബന്ധന്‍ (മഹാസഖ്യം) ആയിരിക്കും പുതിയ ഭരണ മുന്നണി. ഇന്ന് ഗവര്‍ണറുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞയെക്കുറിച്ചു നിതീഷ് കുമാര്‍ പറഞ്ഞത്. ആദ്യ കൂടിക്കാഴ്ച രാജി അറിയിക്കുന്നതിനും രണ്ടാമത്തേത് പുതിയ സര്‍ക്കാരിനുള്ള ഭൂരിപക്ഷം അറിയിക്കുന്നതിനുമായിരുന്നു.
തന്റെ പാര്‍ട്ടിയായ ജനതാദള്‍ യുണൈറ്റഡ് (ജെഡിയു)വും ബിജെപിയും അടങ്ങുന്ന സര്‍ക്കാരിന്റെ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍, തേജസ്വി യാദവിന്റെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും അകമ്പടിയോടെ അദ്ദേഹം വീണ്ടും ഗവര്‍ണറെ കണ്ട് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ ക്ഷണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
''ഞാന്‍ രാജിവച്ചു, എന്റെ എല്ലാ എംഎല്‍എമാരെയും അറിയിച്ചിട്ടുണ്ട്,'' ഗവര്‍ണറുമായുള്ള ആദ്യ ൂകടിക്കാഴ്ചയ്ക്കു ശേഷം നിതീഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ നിയമസഭാംഗങ്ങളുമായുള്ള ആശയവിനിമയത്തില്‍ ഇന്ന് രാവിലെ ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഒമ്പത് വര്‍ഷത്തിനിടെ രണ്ടാം തവണയും ബിജെപിയില്‍ നിന്ന് പിരിയാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ജെഡിയു യോഗം നടക്കുമ്പോള്‍ തന്നെ, തേജസ്വി യാദവ് തന്റെ എംഎല്‍എമാരുമായി ഒരു സമാന്തര കൂടിക്കാഴ്ച നടത്തുകയായിരുന്നു. പുതിയ സര്‍ക്കാരില്‍ നിതീഷ് കുമാറിനെ പിന്തുണയ്ക്കുമെന്ന് തേജസ്വിയും കൂട്ടരും തീരുമാനിക്കുകായിരുന്നു.
''ബിജെപി അതിന്റെ എല്ലാ സഖ്യകക്ഷികളെയും വഞ്ചിക്കുകയും മറ്റുള്ളവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു,'' നിതീഷ് കുമാറുമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ തേജസ്വി പറഞ്ഞു.
ഇതേസമയം, സഖ്യം വിട്ട നിതീഷ് കുമാര്‍ ജനവിധി അട്ടിമറിച്ച് ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെപി ആരോപിച്ചു. നിതീഷ് കുമാറിന്റെ പതിവു സ്വഭാവമാണിതെന്നും അധികാരത്തിനു വേണ്ടി ആരുമായും കൂട്ടുകൂടാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ലെന്നും ബിജെപി ആരോപിച്ചു.
2013 വരെ നിതീഷ് കുമാര്‍ ബി.ജെ.പിയുമായി പങ്കാളിത്തത്തിലായിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ പ്രധാന നേതാവായി നരേന്ദ്ര മോഡി ഉയര്‍ന്നുവരുമെന്ന് വ്യക്തമായതോടെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞുകൊണ്ട്, 2015ല്‍ ലാലു യാദവും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു.
2017ല്‍ തേജസ്വി യാദവ് മന്ത്രിയായിരിക്കെ നടത്തിയ അഴിമതി തനിക്ക് സഹിക്കാനാവില്ലെന്ന് ആരോപിച്ച് നിതീഷ് കുമാര്‍ ത്രികക്ഷി സഖ്യത്തില്‍ നിന്ന് പുറത്തുപോയി വീണ്ടും ബി ജെ പിയുമായി കൂട്ടുകൂടി.
ഇപ്പോള്‍, മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാരിനെ ബി ജെ പി അട്ടിമറിച്ചതു മുതലാണ് നിതീഷ് കുമാറിന് ഭയം തുടങ്ങിയത്. തന്റെ പാര്‍ട്ടിയേയും പിളര്‍ത്തി ബിജെപി ബിഹാറില്‍ നേരിട്ടു ഭരണം നടത്തുമോ എന്നു നിതീഷ് ഭയന്നിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജെഡിയുവിനുള്ളില്‍ കൂറുമാറാന്‍ തയ്യാറുള്ളവരെ വലവീശാന്‍ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു. ഇതോടെ, ബിജെപിയോടുള്ള നിതീഷ് കുമാറിന്റെ രോഷം കൂടി. കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്ന തന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ആര്‍സിപി സിങ്ങിനെ തനിക്കെതിരെ തിരിക്കാന്‍ അമിത് ഷാ ഉപയോഗിക്കുന്നതായി നിതീഷിനു സംശയമുണ്ട്.
രാജ്യസഭയില്‍ ആര്‍സിപി സിംഗിന്റെ കാലാവധി നീട്ടാന്‍ നിതീഷ് വിസമ്മതിച്ചു. തുടര്‍ന്ന് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് സിങ്ങിന് രാജിവയ്‌ക്കേണ്ടി വന്നു.
ഏതാനും ദിവസം മുന്‍പ് നിതീഷ് കുമാറിന്റെ അനുയായികള്‍ ആര്‍സിപി സിങ്ങിനെതിരേ അഴിമതി ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം ജെഡിയു വിട്ടു.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനെ ഒതുക്കാനായി സഖ്യത്തില്‍ നിന്നുകൊണ്ടു തന്നെ ബിജെപി കളിച്ചിരുന്നു. അന്ന് പ്രാദേശിക നേതാവായ ചിരാഗ് പാസ്വാനെ എന്‍ ഡി എയ്ക്കു പുറത്ത് ഒറ്റയ്ക്കു മത്സരിപ്പിച്ചു. ഇതോടെ, ജെഡിയുവിനു സീറ്റു കുറഞ്ഞു. ഇതും ബിജെപിയെ സംശയിക്കാന്‍ നതീഷിനെ പ്രേരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതേ വഴിയില്‍ ആര്‍.സി.പി. സിങ്ങിനെ ബിജെപി ഉപയോഗിക്കുന്നതായി നിതീഷിനു സംശയമുണ്ട്.
ബിഹാറില്‍ നിന്നുള്ള ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ സുശീല്‍ കുമാര്‍ മോദിയും മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും പട്‌നയിലെത്തിയിട്ടുണ്ട്.
COMMENTS