More than 100 Russian soldiers were killed and seven tanks destroyed in clashes in the southern region on Friday, the Southern Command of the Ukrain
കീവ് : റഷ്യന്‍ സേനയെ അമ്പരപ്പിച്ചുകൊണ്ട്, തെക്കന്‍ മേഖലയില്‍ ഉക്രെയിന്‍ സേന വന്‍ വിനാശം വിതച്ചു. വെള്ളിയാഴ്ച തെക്കന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നൂറിലധികം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഏഴ് ടാങ്കുകള്‍ നശിപ്പിക്കുകയും ചെയ്തതായി ഉക്രേനിയന്‍ സൈന്യത്തിന്റെ ദക്ഷിണ കമാന്‍ഡ് അറിയിച്ചു.
ഡെനിപ്പര്‍ നദിക്ക് മുകളിലൂടെ ഖെര്‍സണിലേക്കുള്ള റെയില്‍ ലയിനുകളും പാലവും തകര്‍ത്തു. ഇതോടെ, റഷ്യ മുന്‍പ് പിടിച്ചെടുത്ത ക്രിമിയന്‍ മേഖലയിലുള്ള റഷ്യന്‍ സൈനികര്‍ക്കുള്ള ആയുധ വിതരണവും മറ്റും തടസ്സപ്പെട്ടുവെന്ന് ഉക്രെയിന്റെ സൗത്ത് ഓപ്പറേഷണല്‍ കമാന്‍ഡ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ബെറിസ്ലാവ് ജില്ലയിലെ രണ്ട് വെടിമരുന്ന് ഡിപ്പോകളും ഉക്രെയിന്‍ സേന തകര്‍ത്തു. കൂടാതെ, ഇവിടെ റഷ്യയുടെ രണ്ട് ഹോവിസ്റ്ററുകളും മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റവും ഒരു ടാങ്ക് വേധ മിസൈല്‍ സിസ്റ്റവും മൂന്ന് കവചിത വാഹങ്ങളും മറ്റു സൈനിക വാഹനങ്ങളും തകര്‍ത്തു.
ഉക്രെയിന്‍ മുന്നേറ്റമുണ്ടായ മേഖലകളില്‍ റഷ്യ തിരിച്ചടിക്കുന്നുണ്ട്. കൂടുതലും വ്യോമാക്രമണവും മിസൈല്‍ ആക്രമണവുമാണ് റഷ്യ നടത്തുന്നത്. വെലിക കോസ്‌ട്രോംകയ്ക്ക് നേരെ കനത്ത പീരങ്കി വെടിവയ്പ്പുണ്ടായി. ഏകദേശം 20 റോക്കറ്റുകളും ഇവിടെ വീണു. ജനങ്ങള്‍ക്ക് അപായമൊന്നുമില്ല. ഒറ്റപ്പെട്ട ഒരു വീട് കത്തിനശിച്ചു.
മൈക്കോളൈവിലും റഷ്യന്‍ ഷെല്ലാക്രമണം തുടരുന്നു. ഇവിടെയും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം, ബെറിസ്ലാവ് ജില്ലയിലും ബഷ്താങ്ക ജില്ലയിലും ഉക്രേനിയന്‍ സൈന്യ സങ്കേതങ്ങള്‍ റഷ്യന്‍ ഹെലികോപ്റ്ററുകള്‍ ഒമ്പത് തവണ ആക്രമിച്ചു.
അതേസമയം, ഉക്രെയ്‌നിന്റെ വ്യോമസേനയുടെ ഒരു ജോടി ആക്രമണ വിമാനങ്ങള്‍ ബെറിസ്ലാവ് ജില്ലയിലെ റഷ്യന്‍ താവളങ്ങളിലും ഉപകരണ സംഭരണശാലകളിലും ബോംബാക്രമണം നടത്തി. ഒരു ജോടി ഹെലികോപ്റ്ററുകള്‍ ഖെര്‍സണ്‍ ജില്ലയിലെയും മൈക്കോളൈവ് ജില്ലയിലെയും റഷ്യന്‍ പോയിന്റുകളെ മൂന്ന് തവണ ആക്രമിച്ചു. റഷ്യന്‍ സേനയ്ക്ക് ഈ ആക്രമണങ്ങള്‍ കനത്ത നാശം വരുത്തിയതായാണ് റിപ്പോര്‍ട്ട്.
റഷ്യന്‍ സേനയുടെ ആക്രമണ വേഗം കഴിഞ്ഞ നാളുകളില്‍ കുറഞ്ഞിട്ടുണ്ടെന്നും കനത്ത ആള്‍നാശം അവരെ വിഷമിപ്പിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രതിരോധ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഉക്രെയിന്റെ ഏറ്റവും ഉറച്ച സഖ്യകക്ഷികളിലൊന്നാണ് യുകെ.
പാശ്ചാത്യ രാജ്യങ്ങള്‍ നല്കുന്ന ലോംഗ് റേഞ്ച് മിസൈല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഉക്രെയിന്‍ ഡെനിപ്പറിന് കുറുകെയുള്ള മൂന്ന് പാലങ്ങള്‍ തകര്‍ത്തത്. ഇതോടെ റഷ്യന്‍ സേനയ്ക്കു മുന്നേറ്റം ദുഷ്‌കരമായിരിക്കുകയാണ്.
Summary: Taking the Russian forces by surprise, Ukrainian forces wreaked havoc in the southern region. More than 100 Russian soldiers were killed and seven tanks destroyed in clashes in the southern region on Friday, the Southern Command of the Ukrainian army said.
COMMENTS