Sri Lankan President Gotabaya Rajapakse, who landed in Singapore while fleeing, resigned. People in Sri Lanka are celebrating victory
കൊളംബോ: പലായനത്തിനിടെ സിംഗപ്പൂരില്‍ വിമാനമിറങ്ങിയ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവച്ചു. രാജിവാര്‍ത്തയറിഞ്ഞ് ശ്രീലങ്കയില്‍ ജനം പടക്കം പൊട്ടിച്ചും തെരുവുകളില്‍ നൃത്തം ചെയ്തും വിജയമാഘോഷിക്കുകയാണ്. രാജിക്കത്ത് ലഭിച്ചതായി പാര്‍ലമെന്റ് സ്പീക്കര്‍ സ്ഥിരീകരിച്ചു. ഇമെയില്‍ വഴിയാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചത്.
ഇതേസമയം, മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് സ്വകാര്യ സന്ദര്‍ശനത്തിലാണെന്നും അഭയത്തിന് അപേക്ഷിച്ചിട്ടില്ലെന്നും സിംഗപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു.
പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാല്‍ അറസ്റ്റുണ്ടാകുമെന്നു ഭയന്നാണ് മാലദ്വീപിലേക്കു കടന്നത്. അവിടെ പക്ഷേ, പ്രതിഷേധം കനത്തതോടെ രക്ഷയില്ലാതെ സിംഗപ്പൂരിലേക്ക് സ്വകാര്യ വിമാനത്തില്‍ പോവുകയായിരുന്നു. സിംഗപ്പൂരില്‍ നിന്ന് യുഎഇയിലേക്കു പോകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുമ്പ് 2019 ല്‍ യുഎസ് പൗരത്വം ഉപേക്ഷിച്ചതിനാല്‍ യുഎസിലേക്ക് പോകാനുള്ള രാജപക്സെയുടെ ശ്രമങ്ങള്‍ നിരസിക്കപ്പെട്ടു.
അറസ്റ്റ് സാദ്ധ്യത മുന്നില്‍ക്കണ്ടാണ് രാജ്യം വിട്ടശേഷം രാജിവച്ചത്. പ്രസിഡന്റിന്റെ ചുമതലകള്‍ താത്കാലിക പ്രധാനമന്ത്രി റണില്‍ വിക്രമസിംഗേയ്ക്കു ഗോതബയ കൈമാറിയിരുന്നു. ഇതു പക്ഷേ, പ്രതിഷേധക്കാര്‍ അംഗീകരിച്ചിട്ടില്ല. റണിലിനെ മുന്‍നിറുത്തി പിന്നില്‍ നിന്നു ചരടുവലിക്കാനാണ് ഗോതബയ ശ്രമിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം.
People celebrate on Colombo streets after Sri Lankan President Gotabaya Rajapaksa's resignation pic.twitter.com/bJhBBRtD0H #LKA #SriLanka #SriLankaCrisis
— Sri Lanka Tweet 🇱🇰 💉 (@SriLankaTweet) July 14, 2022
ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ റണില്‍ വിക്രമസിംഗെ സുരക്ഷാ സേനയോട് ആവശ്യപ്പെടുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
സായുധ പൊലീസും സുരക്ഷാ സേനയും വിക്രമസിംഗെയുടെ ഓഫീസിലേക്ക് നീങ്ങിയതിനു പിന്നാലെ ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍ വിക്രമസിംഗയുടെ ഓഫീസ് വിട്ടുപോകുയിരുന്നു.
പ്രസിഡന്‍ഷ്യല്‍ പാലസ്, പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ഞങ്ങള്‍ സമാധാനപരമായി പിന്‍വാങ്ങുകയാണ്, എന്നാല്‍ ഞങ്ങളുടെ സമരം തുടരുമെന്ന് പ്രതിഷേധക്കാരുടെ വക്താവ് പറഞ്ഞു.
രാജപക്സെ ഓടിപ്പോയതിന് പിന്നാലെ പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കൊട്ടാരം കൈയേറിയിരുന്നു. ഇതോടെ സുരക്ഷാ ഗാര്‍ഡുകള്‍ പിന്‍വാങ്ങിയിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് രാജപക്സെയുടെ കൊട്ടാരത്തില്‍ പ്രതിഷേധത്തിനും ആഡംബരങ്ങള്‍ കാണാനുമെത്തിയത്. ഇന്ന് ഉച്ചയോടെ, അകത്തും പുറത്തും സായുധരായ കാവല്‍ക്കാരെ നിയോഗിച്ച് കൊട്ടാരത്തിന്റെ ഗേറ്റുകള്‍ അടച്ചു.
ഏറ്റവും അത്യാവശ്യമായ ഇറക്കുമതിക്ക് പോലും വിദേശനാണ്യം തീര്‍ന്നുപോയ സ്ഥിതിയിലാണ് ശ്രീലങ്ക. 22 ദശലക്ഷം ജനങ്ങളെ കൊടും ദുരിതത്തിലേക്കു തള്ളിവിട്ട രാജപക്‌സെ കുടുംബത്തോട് ജനരോഷം നിയന്ത്രണാതീതമായി മാറുകയായിരുന്നു.
Speaker has received 'a' letter of resignation from President Gotabaya Rajapaksa . Official announcement will be made by speaker after authenticating the letter
— Newsfirst.lk Sri Lanka (@NewsfirstSL) July 14, 2022
Details: https://t.co/XCIAv3bq41#lka #SriLanka #SLnews #News1st #Parliament #President #Resignation #GR pic.twitter.com/iG7QnJAFog
ഏപ്രിലില്‍ ശ്രീലങ്ക 51 ബില്യണ്‍ ഡോളറിന്റെ വിദേശ കടം തിരിച്ചടയ്ക്കാനാവാത്ത സ്ഥിതിയിലെത്തിയിരുന്നു. അടുത്ത കാലത്തായി ലങ്കയുടെ ഉറ്റ ചങ്ങാതിയായിരുന്ന ചൈന കൈവിട്ടതോടെ ഇന്ത്യയുടെ സഹായത്തിലാണ് ഇതുവരെ ലങ്കന്‍ ഭരണകൂടം നിത്യനിദാന ചെലവുകള്‍ നടത്തിയിരുന്നത്. അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടിയെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.
യാത്രാസൗകര്യം കുറയ്ക്കുന്നതിനും ഇന്ധനം ലാഭിക്കുന്നതിനുമായി അത്യാവശ്യമല്ലാത്ത ഓഫീസുകളും സ്‌കൂളുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതോടെയാണ് ജനം തെരുവിലിറങ്ങിയത്. പെട്രോള്‍ ലഭ്യത ഏതാണ്ട് തീര്‍ന്നു.
Summary: Sri Lankan President Gotabaya Rajapakse, who landed in Singapore while fleeing, resigned. On hearing the news of resignation, people in Sri Lanka are celebrating victory by bursting firecrackers and dancing in the streets. The Speaker of Parliament confirmed that the letter of resignation had been received.
COMMENTS