R Gopikrishnan, chief editor of Metro Vartha newspaper, passed away. The body was shifted to Kottayam Caritas Hospital Mortuary.
കോട്ടയം: മെട്രോ വാര്‍ത്ത ദിനപത്രം ചീഫ് എഡിറ്റര്‍ ആര്‍ ഗോപീകൃഷ്ണന്‍ അന്തരിച്ചു. സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ സംഘടനയായ 'കോം ഇന്ത്യ'യുടെ രക്ഷാധികാരിയായിരുന്നു.
കോട്ടയം കോടിമത ഒതേമംഗലത്ത് വീട്ടില്‍ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. നടുവിന് ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു. ഹീമോഗ്‌ളോബിന്‍ നില പെട്ടെന്നു താഴ്ന്നതാണ് മരണകാരണമായതെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്.
മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കാരം നടത്തുമെന്നു കുടുംബം അറിയിച്ചു.
മൂവാറ്റുപുഴ വെള്ളൂര്‍ ഭവനില്‍ പങ്കജാക്ഷിയമ്മയുടെയും വി.പി രാഘവന്‍ നായരുടെയും മകനാണ്. ലീലാ ഗോപികൃഷ്ണനാണ് ഭാര്യ. മക്കള്‍: വിനയ് ഗോപികൃഷ്ണന്‍ (ബിസിനസ്, ബാംഗ്‌ളൂര്‍), ഡോ. സ്‌നേഹ ഗോപികൃഷ്ണ (അസിസ്റ്റന്റ് പ്രൊഫ. വിമല കോളജ്, തൃശൂര്‍) മരുമകന്‍: സൂരജ് എം. എസ് (എച്ച് ഡി എഫ് സി ബാങ്ക്, തൃശൂര്‍).
ദീപിക, മംഗളം, കേരള കൗമുദി ദിനപത്രങ്ങളില്‍ എഡിറ്റോറിയല്‍ വിഭാഗങ്ങളില്‍ എവര്‍ത്തിച്ചിരുന്നു. കേരളകൗമുദിയില്‍ ഡെപ്യൂട്ടി എഡിറ്ററായിരിക്കെയാണ് മെട്രോ വാര്‍ത്തയിലേക്കു മാറിയത്.
എല്‍ ടി ടി ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം വലിയ ചര്‍ച്ചയായിരുന്നു. മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം 1985, 88 വര്‍ഷങ്ങളില്‍ ലഭിച്ചു.
1989ലെ എം ശിവറാം അവാര്‍ഡ്, രാഷ്ട്രീയ റിപ്പോര്‍ട്ടിങില്‍ വി കരുണാകരന്‍ നമ്പ്യാര്‍ പുരസ്‌കാരം, സി എച്ച് മുഹമ്മദ് കോയ പുരസ്‌കാരം, കെ.സി സെബാസ്റ്റ്യന്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ഡാന്‍ ബ്രൗണിന്റെ വിഖ്യാതമായ ഡാവിഞ്ചി കോഡ് മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
മൂവാറ്റുപുഴ നിര്‍മല കോളജ്, പെരുന്ന എന്‍.എസ്.എസ് കോളജ്, ബള്‍ഗേറിയയിലെ ജോര്‍ജ് ദിമിത്രോവ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഗോപീകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.എന്‍ വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ എ, എം.പി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Summary: R Gopikrishnan, chief editor of Metro Vartha newspaper, passed away. The body was shifted to Kottayam Caritas Hospital Mortuary. The family informed that the cremation will be done at the Kottayam Muttambalam municipal electric crematorium with official honors of the state government at 4 pm on Monday.
COMMENTS