തിരുവനന്തപുരം സോളാർ തട്ടിപ്പ് കേസിലെ പ്രതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന കേസിൽ അറസ്റ്റിലായ മുൻ എംഎൽഎ പി സി ജോർജിന് കോടതി ഉപാധികള...
തിരുവനന്തപുരം സോളാർ തട്ടിപ്പ് കേസിലെ പ്രതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന കേസിൽ അറസ്റ്റിലായ മുൻ എംഎൽഎ പി സി ജോർജിന് കോടതി ഉപാധികളുടെ ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഭിനിമോൾ രാജേന്ദ്രനാണ് ജോർജിന് ജാമ്യം അനുവദിച്ചത്.
പ്രായവും ഹൃദ്രോഗിയും മുൻ എംഎൽഎയും ആണെന്ന പരിഗണന വച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ജോർജ് നിരവധി കേസുകളിൽ പ്രതിയാണെന്നും വളരെ കാഠിന്യമുള്ള കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
ജാമ്യം കിട്ടിയതിൽ പിസി ജോർജ് ദൈവത്തിന് നന്ദി പറഞ്ഞു. അറസ്റ്റിലായ വേളയിൽ മാധ്യമ പ്രവർത്തകയോട് പരുഷമായി സംസാരിച്ചതിൽ ജോർജ് മാപ്പ് പറയുകയും ചെയ്തു.
കുറ്റപത്രം സമർപ്പിക്കുന്നത് വരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നും പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുതെന്നും കോടതി ജാമ്യ ഉത്തരവിൽ പറയുന്നു.
ഈ വർഷം ഫെബ്രുവരിയിൽ നടന്നതായി പറയപ്പെടുന്ന പീഡനത്തിൽ ഇപ്പോൾ പരാതി ഉന്നയിക്കുന്നത് സംശയമാണെന്ന് അഭിഭാഷകൻ വാദിച്ചു. മാത്രമല്ല, പരാതിക്കാരിക്ക് എതിരെ കേരളത്തിൽ എമ്പാടും കേസുകൾ നിലവിലുണ്ട്. മുൻ മുഖ്യമന്ത്രിക്കെതിരെ വരെ പരാതിക്കാരി പീഡന ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്. 70 കാരനായ പിസി ജോർജിനെതിരെ ഇന്നുവരെയും ഒരു ലൈംഗിക ആരോപണ പരാതി എവിടെ നിന്നും ഉയർന്നിട്ടില്ല എന്നും പ്രതിഭാഗം വാദിച്ചു. ഇതും കോടതി ഗൗരവമായി പരിഗണിച്ചിരുന്നു.
COMMENTS