In a historic decision, the State Child Rights Commission has ordered that there should be no boys and girls schools in Kerala
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ചരിത്രപരമായ തീരുമാനത്തിലൂടെ, കേരളത്തില്‍ ഇനി മുതല്‍ ആണ്‍, പെണ്‍ സ്‌കൂളുകള്‍ വേണ്ടെന്നും എല്ലാ സ്‌കൂളുകളും മിക്‌സ്ഡ് ആക്കണമെന്നും സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ തീരുമാനം നടപ്പാക്കണം. ഇതിനുള്ള തയ്യാറെടുപ്പുകള്‍ അടിയന്തരമായി നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തെ ബോയ്സ്, ഗേള്‍സ് ഹൈസ്‌കൂളുകള്‍ നിറുത്തലാക്കണം. എല്ലാ സ്‌കൂളുകളും അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ മിക്സ്ഡ് ആക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം.
സ്‌കൂളുകളിലെ ശൗചാലയം ഉള്‍പ്പെടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം. രക്ഷിതാക്കള്‍ക്ക് സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിന് നടപടി വിദ്യഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു.
ലിംഗനീതി നിഷേധമാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ സംഭവിക്കുന്നത്. സഹവിദ്യാഭ്യാസം അത്യാവശ്യമാണെന്നു കാട്ടി അഞ്ചല്‍ സ്വദേശി ഡോ. ഐസക് പോള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
280 ഗേള്‍സ് സ്‌കൂളുകളും 164 ബോയ്സ് സ്‌കൂളുകളുമാണ് കേരളത്തിലുള്ളത്. ഇതെല്ലാം തന്നെ സഹവിദ്യാലയങ്ങളായി മാറ്റേണ്ടിവരും.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ എന്നിവര്‍ ഉത്തരവില്‍ നടപടി സ്വീകരിച്ച് മറുപടി നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
ഇതേസമയം, ഉത്തരവിനെതിരേ ചില കോണുകളില്‍ മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ ചരിത്രപരമായ ഈ തീരുമാനം നടപ്പാകാന്‍ വൈകിയേക്കാം.
COMMENTS