SFI Kerala secretary P.M. Arshoe was remanded in custody for 14 days. The Central Assistant Commissioner arrested Nizamuddin in connection with a case
കൊച്ചി: വിവിധ കേസുകളില്‍ പ്രതിയായി അറസ്റ്റിലായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
2018ല്‍ നിസാമുദ്ദീന്‍ എന്നയാളെ വീടുകയറി ആക്രമിച്ച കേസിലാണ് സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അറസ്റ്റ് ചെയ്തത്.
കൊച്ചി നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ആര്‍ഷോ ഒളിവിലാണെന്നായിരുന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.
ഇതിനിടെ, ആര്‍ഷോയെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി കഴിഞ്ഞ മാസം തെരഞ്ഞെടുത്തിരുന്നു.
ആര്‍ഷോയെ അറസ്റ്റുചെയ്യാത്തതിനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി. ഷാജഹാന്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ത്ുടര്‍ന്നാണ് അറസ്റ്റ്.
പിടികിട്ടാപ്പുള്ളിയായി ഒളിവിലായിരുന്നയാളെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സെക്രട്ടറിയാക്കിയതും വിവാദമായിരുന്നു.
ഉപാധികളോടെ ജാമ്യം നേടിയ ശേഷം പിന്നെയും വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായതോടെ ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി നാല്പതില്‍ പരം കേസുകളില്‍ ആര്‍ഷോ പ്രതിയാണ്.
ഫെബ്രുവരി 28നാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബെഞ്ച് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്.
ഒളിവിലാണെന്ന് ഹൈക്കോടതിയെ പൊലീസ് അറിയിച്ച നേതാവ് പെരിന്തല്‍മണ്ണയില്‍ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ ഉടനീളം പങ്കെടുത്തിരുന്നു. സമ്മേളനം അവസാനിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
എംജി സര്‍വകലാശാല തിരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് നേതാവായ നിമിഷയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്ത സംഭവത്തിലും ആര്‍ഷോ പ്രതിയാണ്. എറണാകുളം ലോ കോളേജില്‍ റാഗിംഗ് കേസിലും ആര്‍ഷോ പ്രതിയാണ്.
ഇതിനിടെ, റിമാന്‍ഡ് ചെയ്ത ആര്‍ഷോയ്ക്ക് രക്തഹാരമണിയിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് പൊലീസ് അവസരം നല്കിയതും വിവാദമായിട്ടുണ്ട്. ജയിലിനു മുന്നില്‍ മുദ്രാവാക്യം വിളികളോടെയായിരുന്നു സഹപ്രവര്‍ത്തകര്‍ ആര്‍ഷോയ്ക്കു രക്തഹാരമണിയിച്ചത്. പൊലീസ് ഇതു കണ്ടു നില്ക്കുകയായിരുന്നു.
Summary: SFI Kerala secretary P.M. Arshoe was remanded in custody for 14 days. The Central Assistant Commissioner arrested Nizamuddin in connection with a case of assault on a house in 2018.
COMMENTS