സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനാസ്ഥയെ തുടര്‍ന്ന് വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തില്‍ യൂ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനാസ്ഥയെ തുടര്‍ന്ന് വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തില്‍ യൂറോളജി, നെഫ്രോളജി വിഭാഗം തലവന്മാരെ സസ്‌പെന്‍ഡ് ചെയ്തു.
അന്വേഷണ വിധേയമായി ഇവരെ സസ്‌പെന്‍ഡ് ചെയ്ത വിവരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് അറിയിച്ചത്. സമഗ്ര അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏകോപനത്തില്‍ വരുത്തിയ വീഴ്ചയാണ് അരുതാത്തതു സംഭവിക്കാന്‍ കാരണം. ഇക്കാര്യത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം കൊടുത്തിരുന്നു. ഉന്നതതല യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്തിരുന്നു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി.
കാരക്കോണം സ്വദേശി സുരേഷ് കുമാര്‍ എന്ന 62 കാരനാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്.
പൊലീസ് സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക എത്തിച്ചത്. മൂന്നു മണിക്കൂറുകൊണ്ട് വൃക്ക എത്തിച്ചിട്ടും ഏറ്റുവാങ്ങാന്‍ പോലും ആരുമില്ലായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
കണ്ടുനിന്നവര്‍ വൃക്കയുമെടുത്തുകൊണ്ട് ഓടുകയായിരുന്നു. ഇവര്‍ക്ക് ഏത് ഓപ്പറേഷന്‍ തീയറ്ററിലേക്കാണ് വൃക്ക കൊണ്ടുപോകേണ്ടതെന്നു പോലും അറിയില്ലായിരുന്നു. ഏറെ നേരം ഓപ്പറേഷന്‍ തീയറ്ററിനു പുറത്ത് കാത്തു നിന്ന ശേഷമാണ് വൃക്ക അകത്തേയ്ക്കു വാങ്ങിയത്.
'എറണാകുളം രാജഗിരി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്ക ലഭ്യമാണെന്ന വിവരം അറിഞ്ഞയുടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി, യൂറോളജി വകുപ്പുകളില്‍ നിന്നുള്ള ഓരോ ഡോക്ടര്‍മാര്‍ അതിരാവിലെ അവിടേക്ക് പോയി. ഇതേസമയം, ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് പൊലീസ് ഗ്രീന്‍ ചാനല്‍ ഒരുക്കുകയും പകല്‍ 2.30 ന് എറണാകുളത്തുനിന്ന് പുറപ്പെട്ട ആംബുലന്‍സ് വൈകിട്ട് 5.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുകയും ചെയ്തു.
ഡോക്ടര്‍മാര്‍ ഇറങ്ങുന്നതിനിടെ വൃക്ക അടങ്ങിയ പെട്ടി ആശുപത്രി ജീവനക്കാരല്ലാത്ത ചിലര്‍ എടുത്ത് അകത്തേക്ക് ഓടുകയായിരുന്നു. ഇതു കടുത്ത ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ പറഞ്ഞൊഴിയുന്നത്. ഇക്കാര്യത്തിലും അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
പകല്‍ 2.30നാണ് മരിച്ച വ്യക്തിക്ക് ഈ വൃക്ക യോജിക്കുന്നതാണെന്ന് അറിഞ്ഞത്. നാലു മണിയോടെ ഓടെ അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കി. ഡയാലിസിസിന് നാല് മണിക്കുറോളം വേണ്ടിവന്നുവന്നു. രാത്രി 8.30 ന് ശസ്ത്രക്രിയ ആരംഭിച്ചു. എട്ടു മണിക്കുറോളം ശസ്ത്രക്രിയ നീണ്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു വന്നാല്‍ മാത്രമേ മരണ കാരണം അറിയാന്‍ സാധിക്കൂ, മന്ത്രി പറഞ്ഞു.
ഇതേസമയം, വൃക്ക ലഭിക്കുമെന്നറിഞ്ഞു വെളുപ്പിനു തന്നെ ഡോക്ടര്‍മാര്‍ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു പോയെന്നിരിക്കെ, ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ രണ്ടര മണിക്ക് മാത്രം ആരംഭിച്ചത് എന്തുകൊണ്ടെന്ന ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുന്നു.
ഇനി ഇതുപോലൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ വിഷയത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണ വ്യക്തമാക്കി.
എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മൂന്ന് മണിക്കൂറുകൊണ്ട് ജീവന്‍ കൈയില്‍ പിടിച്ച് വൃക്ക തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.
സെക്യൂരിറ്റി വിഭാഗം ഇക്കാര്യം അറിഞ്ഞതുപോലുമില്ല. അവയവവുമായി വന്നവര്‍ക്കു മുന്നില്‍ പതിവ് വിരട്ടലുമായി സെക്യൂരിറ്റികള്‍ നിരന്നുവെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്. ഇതിനിടെയാണ് ആരോ വൃക്കയുമെടുത്ത് അകത്തേയ്ക്ക് ഓടിയത്.
മണിക്കൂറുകള്‍ കഴിഞ്ഞാണ് ശസ്ത്രക്രിയ ആരംഭിച്ചത്. വൃക്ക എത്രയും നേരത്തേ മാറ്റിവയ്ക്കുന്നോ അത്രയും കൂടുതല്‍ വിജയസാദ്ധ്യതയുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ തീര്‍ത്തും ഉദാസീനമായി സര്‍ജറി നടത്തിയതുവഴി വിലപ്പെട്ട സമയം നഷ്ടമായി.
Summary: The heads of the urology and nephrology departments has been suspended in connection with the death of a patient who underwent a kidney transplant due to negligence at the Thiruvananthapuram Medical College Hospital. Health Minister Veena George has announced that they have been suspended pending further investigation.
COMMENTS