Horse-trading and heel-cutting, the curse of Indian politics, are rocking Maharashtra politics. The Shiv Sena-led Maha Vikas Aghadi coalition
അഭിനന്ദ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശാപമായ കുതിരക്കച്ചവടവും കുതികാല്‍വെട്ടും മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഉലയ്ക്കുന്നു. അപ്രതീക്ഷിത നീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ ശിവസേന നയിക്കുന്ന മഹാ വികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴത്തിടാനുള്ള ചരടുവലികള്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമായി സജീവമായി നടക്കുകയാണ്.
21 എംഎല്‍എമാരുമായി ഗുജറാത്തിലെ സൂറത്തിലേക്കു കടന്ന ശിവസേന നിയമസഭാ കക്ഷി നേതാവ് ഏക്‌നാഥ് ഷിന്‍ഡേയാണ് അട്ടിമറി നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്. ബിജെപി നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെയാണ് ഷിന്‍ഡേയുടെ നീക്കങ്ങളെന്നാണ് സൂചന.
ബിജെപിയുമായി ശിവസേന കൂട്ടുചേര്‍ന്നു ഭരണം നടത്തണമെന്നാണ് ഷിന്‍ഡേ ഇപ്പോള്‍ പറയുന്നത്.
ഷിന്‍ഡേയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പത്തു മിനിറ്റോളം ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തോട് പുനര്‍വിചിന്തനം നടത്താനും തിരികെ വരാനും ഉദ്ധവ് ആവശ്യപ്പെട്ടതായാണ് വിവരം.
താന്‍ ഇതുവരെ തീരുമാനമൊന്നും എടുക്കുകയോ രേഖയിലൊന്നും ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയുടെ ഉന്നമനത്തിനായാണ് താന്‍ ഈ നടപടി സ്വീകരിച്ചതെന്നും ഷിന്‍ഡെ പറയുന്നു.
സൂറത്തിലെ ഒരു റിസോര്‍ട്ടിലാണ് ഷിന്‍ഡെയും എംഎല്‍എമാരുമുള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ ഇവിടെ ഷിന്‍ഡേയും കൂട്ടരും സുരക്ഷിതരാണ്.
രണ്ട് സേനാ നേതാക്കള്‍ ഇന്ന് വൈകുന്നേരം ഹോട്ടലില്‍ രണ്ട് മണിക്കൂര്‍ നേരം ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഷിന്‍ഡെയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞതും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്.
ഇതിനിടെ, ഷിന്‍ഡെയെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ശിവസേന നീക്കം ചെയ്തു. അജയ് ചൗധരിയെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചു. സര്‍ക്കാരിനെ രക്ഷിക്കാനുള്ള നീക്കങ്ങളും സജീവമാണ്. ശിവസേന, കോണ്‍ഗ്രസ്, ശരദ് പവാറിന്റെ എന്‍സിപി എന്നീ പാര്‍ട്ടികള്‍ അടങ്ങുന്നത്ണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍.
എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ ഡല്‍ഹിയില്‍ നിന്നു മുംബയിലേക്കു തിരിച്ചിട്ടുണ്ട്. മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയെ ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച പ്രതിപക്ഷ സമ്മേളനത്തിനു ചുക്കാന്‍ പിടിച്ചത് പവാറായിരുന്നു. ഇതിനിടയിലാണ് മുംബയിലെ അട്ടിമറി.
ഇതിനിടെ, ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഷിന്‍ഡെയെയും കൂട്ടരെയും സൂറത്തിലേക്കു കടത്താന്‍ ഫഡ്നാവിസ് സഹായിച്ചതായാണ് വിവരം. ബിജെപിയിലെ പല പ്രമുഖ നേതാക്കളും റിസോര്‍ട്ടിലെത്തി വിമതരുമായി ചര്‍ച്ച നടത്തുന്നുണ്ട്.
അധികാരത്തിനുവേണ്ടി പ്രത്യയശാസ്ത്രം ബലികഴിക്കില്ലെന്നും ബാലാസഹേബിന്റെ (ബാല്‍ താക്കറെ) ആശയങ്ങളില്‍ അടിയുച്ചു നില്‍ക്കുന്നുവെന്നും തങ്ങള്‍ ബാലാസാഹെബിന്റെ അടിയുറച്ച ശിവസൈനികരാണെന്നും ഷിന്‍ഡേ ട്വീറ്റ് ചെയ്തു.
കൂറുമാറ്റ നിയമപ്രകാരമുള്ള നടപടിയില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ വിമതര്‍ക്ക് 37 എംഎല്‍എമാരുടെ പിന്തുണ വേണം. ആകെയുള്ള 55 ശിവസേനാ എംഎല്‍എമാരുടെ മൂന്നില്‍ രണ്ട് പേര്‍ ഇല്ലെങ്കില്‍ കൂറുമാറ്റ നിയമ പ്രകാരം അംഗത്വം പോകും. 35 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം അടിയുറച്ചു നില്‍ക്കുന്നുണ്ട്.
Summary: Horse-trading and heel-cutting, the curse of Indian politics, are rocking Maharashtra politics. The Shiv Sena-led Maha Vikas Aghadi coalition government in Maharashtra is in crisis after an unexpected move.
COMMENTS