അഭിനന്ദ് ന്യൂഡല്‍ഹി : രാജ്യമെമ്പാടും പ്രതിഷേധം കത്തിപ്പടരുന്നതിനിടെ, കര, നാവിക, വ്യോമസേനകള്‍ അഗ്‌നിപഥ് പദ്ധതിക്ക് കീഴില്‍ സൈനികരെ റിക്രൂട്ട...
അഭിനന്ദ്
ന്യൂഡല്‍ഹി : രാജ്യമെമ്പാടും പ്രതിഷേധം കത്തിപ്പടരുന്നതിനിടെ, കര, നാവിക, വ്യോമസേനകള്‍ അഗ്‌നിപഥ് പദ്ധതിക്ക് കീഴില്‍ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിശാലമായ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.
സായുധ സേനാംഗങ്ങളുടെ പ്രായപരിധി കുറയ്ക്കുന്നതിനു ലക്ഷ്യമിട്ടാണ് ഹ്രസ്വകാല കരാര്‍ പദ്ധതി-അഗ്‌നിപഥ്- നടപ്പാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സൈനിക കാര്യ വകുപ്പ് അഡിഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പദ്ധതിയെ ശക്തമായി ന്യായീകരിച്ചു. മൂന്ന് സൈനിക വിഭാഗങ്ങളിലെയും അംഗങ്ങളുടെ പ്രായപരിധി കുറയ്ക്കുന്നത് കുറച്ചുകാലമായി പരിഗണനയിലാണ്. കാര്‍ഗില്‍ അവലോകന സമിതി പോലും ഇക്കാര്യം പരിഗണിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും പ്രതിഷേധം അവസാനിപ്പിക്കാന്‍ യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നതായും ലഫ്റ്റനന്റ് ജനറല്‍ പുരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്താണ് അഗ്‌നിപഥ് പദ്ധതി
കമ്മിഷന്‍ഡ് ഓഫീസര്‍മാരുടെ റാങ്കിന് താഴെയുള്ള സൈനികരെ സായുധ സേനയുടെ മൂന്ന് സേവനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി 2022 ജൂണ്‍ 14 ന് ഇന്ത്യാ ഗവണ്‍മെന്റ് അവതരിപ്പിച്ച പുതിയ പദ്ധതിയാണ് അഗ്‌നിപഥ് സ്‌കീം.
ഈ സ്‌കീമിന് കീഴില്‍ റിക്രൂട്ട് ചെയ്യുന്ന സൈനികരെ അഗ്‌നിവീര്‍ എന്ന് വിളിക്കും.
റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ആറുമാസത്തെ പരിശീലനവും മൂന്നരെ വര്‍ഷത്തെ വിന്യാസവും ഉള്‍പ്പെടുന്ന നാല് വര്‍ഷത്തെ സേവന കാലാവധി ലഭിക്കും.
സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം, അവര്‍ക്ക് സായുധ സേനയില്‍ തുടരാന്‍ അപേക്ഷിക്കാനുള്ള അവസരം ലഭിക്കും. കൂടാതെ 25 ശതമാനം അഗ്‌നിവീരന്മാരെ സ്ഥിരം കേഡറിലേക്ക് തിരഞ്ഞെടുക്കും.
നാലു വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന് അര്‍ഹതയില്ല. എന്നാല്‍ കാലാവധി അവസാനിക്കുമ്പോള്‍ ഏകദേശം 11.71 ലക്ഷം രൂപ ലഭിക്കും.
അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് തീയതികള്‍
കരസേന
കരസേനയുടെ റിക്രൂട്ട്മെന്റ് പദ്ധതിയെക്കുറിച്ച്, കരസേന തിങ്കളാഴ്ച കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തുടര്‍ന്നുള്ള അറിയിപ്പുകള്‍ ജൂലായ് ഒന്നു മുതല്‍ സേനയുടെ വിവിധ റിക്രൂട്ട്മെന്റ് യൂണിറ്റുകള്‍ പുറപ്പെടുവിക്കുമെന്നും ലഫ്റ്റനന്റ് ജനറല്‍ ബന്‍സി പൊന്നപ്പ പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്മെന്റ് റാലികള്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇന്ത്യയിലുടനീളം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
25,000 പേര്‍ അടങ്ങുന്ന ആദ്യ ബാച്ച് ഡിസംബര്‍ ഒന്നും രണ്ടും വാരങ്ങളിലായി പരിശീലനം ആരംഭിക്കും. റിക്രൂട്ട് ചെയ്യുന്ന രണ്ടാമത്തെ വിഭാഗം ഫെബ്രുവരി 23 ന് പരിശീലനം ആരംഭിക്കും. 40,000 പേരെ തിരഞ്ഞെടുക്കുന്നതിനായി രാജ്യത്തുടനീളം 83 റിക്രൂട്ട്മെന്റ് റാലികള്‍ സംഘടിപ്പിക്കും.
നാവിക സേന
റിക്രൂട്ട്മെന്റിനായി നാവിക ആസ്ഥാനം ജൂണ്‍ 25-നകം വിശാലമായ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുമെന്ന് വൈസ് അഡ്മിറല്‍ ദിനേഷ് ത്രിപാഠി പറഞ്ഞു. റിക്രൂട്ട് ചെയ്യുന്നവരുടെ ആദ്യ ബാച്ച് നവംബര്‍ 21 നകം പരിശീലന പരിപാടിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേന
ഇന്ത്യന്‍ വ്യോമസേന അഗ്‌നിപഥ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ 24 ന് ആരംഭിക്കും. ഓണ്‍ലൈന്‍ പരീക്ഷാ നടപടികള്‍ ജൂലായ് 24ന് ആരംഭിക്കും
പ്രായ മാനദണ്ഡം
പുതുതായി പുറത്തിറക്കിയ സ്‌കീമിന് കീഴില്‍, 17നും 21 നുമിടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ റിക്രൂട്ട്‌മെന്റിന് അര്‍ഹതയുള്ളൂ.
2020നു ശേഷം റിക്രൂട്ട്മെന്റ് നടന്നിട്ടില്ലെന്നതിനാല്‍, 2022 ലെ അഗ്‌നിപഥ് പദ്ധതിയിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയയുടെ ഉയര്‍ന്ന പ്രായപരിധി 23 വയസ്സായി നിശ്ചയിക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതിജ്ഞ
ഹ്രസ്വകാല കരാര്‍ അഗ്നിപഥ് പദ്ധതിയിലൂടെ അപേക്ഷിക്കാന്‍ തയ്യാറുള്ളവര്‍ പദ്ധതിക്കെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് രേഖാമൂലം പ്രതിജ്ഞ സമര്‍പ്പിക്കണം. പുറമേ, പൊലീസ് വെരിഫിക്കേഷന്‍ ഉണ്ടാകും.
ശമ്പളം
അഗ്‌നിവീരന് ആദ്യ വര്‍ഷം 30,000 രൂപ ശമ്പളം ലഭിക്കും. തുടര്‍ന്ന്, രണ്ടാം വര്‍ഷം ശമ്പളം 33,000 രൂപയും മൂന്നാം വര്‍ഷം 36,500 രൂപയും നാലാം വര്‍ഷം 40,000 രൂപയും ലഭിക്കും.
ശമ്പളത്തിന്റെ ഏകദേശം 30% സേവാ നിധിക്കായി എല്ലാ മാസവും പിടിക്കും. സേവനം അവസാനിക്കുമ്പോള്‍, കേന്ദ്രം തുല്യമായ തുക കൂട്ടിച്ചേര്‍ത്ത് 11.77 ലക്ഷം രൂപ ഓരോ അഗ്‌നിവീരനും നല്‍കും.
Summary: As protests erupted across the country, the Army, Navy and Air Force announced a comprehensive schedule for the recruitment of troops under the Agneepath project.
COMMENTS